ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പ്: രണ്ടാം ഘട്ടം ഇന്ന്, 26 മണ്ഡലങ്ങള്‍ പോളിങ് ബൂത്തിലേക്ക്

ശ്രീനഗർ: പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം ജമ്മു കശ്മീരിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കമായി. ആറ് ജില്ലകളിലെ 26 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള അടക്കം ഇന്ന് ജനവിധി തേടും. 25.5 ലക്ഷം വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും. രാവിലെ ഏഴ് മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകീട്ട് ആറിന് അവസാനിക്കും.

ശ്രീനഗര്‍, ബുദ്ഗ്രാം, ഗന്ദര്‍ബല്‍ അടക്കമുള്ള അറ് ജില്ലകളിലായാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്ന 26 മണ്ഡലങ്ങള്‍. 239 സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ട്. ഒമര്‍ അബ്ദുള്ളയ്ക്ക് പുറമെ, ജെകെപിസിസി പ്രസിഡന്റ് താരിഖ് ഹമീദ് കേര, രവീന്ദര്‍ റെയ്‌ന തുടങ്ങിയവരാണ് ഇന്ന് ജനവിധി തേടുന്നവരില്‍ പ്രമുഖര്‍. കനത്ത സുരക്ഷയിലാകും വോട്ടെടുപ്പ് നടക്കുക. 3,502 പോളിങ് സ്‌റ്റേഷനുകളിലായി 13,000 ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

സെപ്റ്റംബര്‍ 18നാണ് ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. 24 മണ്ഡലങ്ങളായിരുന്നു ആദ്യഘട്ടത്തില്‍ വിധിയെഴുതിയത്. ഒന്നാംഘട്ട തിരഞ്ഞെടുപ്പിൽ 61.38 ശതമാനമായിരുന്നു പോളിങ്. അടുത്ത മാസം ഒന്നിനാണ് അവസാന ഘട്ട തിരഞ്ഞെടുപ്പ്. അടുത്ത മാസം എട്ടിന് വോട്ട് എണ്ണും. പത്ത് വര്‍ഷത്തിനിടെ ആദ്യമായാണ് കശ്മീരില്‍ വോട്ടെടുപ്പ് നടക്കുന്നത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് കൂടിയാണിത്. 90 മണ്ഡലങ്ങളാണ് ജമ്മു കശ്മീരിലുള്ളത്.

More Stories from this section

family-dental
witywide