
ന്യൂഡല്‍ഹി: പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 49 മണ്ഡലങ്ങളാണ് ഈ ഘട്ടത്തില്‍ വിധിയെഴുതുന്നത്. പ്രചാരണത്തിന്റെ അവസാന ദിനത്തില്‍ വോട്ടര്‍മാരെ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍.
അതേസമയം, തെരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി 300 ല്‍ അധികം സീറ്റുകള്‍ നേടി അധികാരത്തിലേറുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. പല സംസ്ഥാനങ്ങളിലും സ്വാധീനം ഇല്ലാത്തത് കൊണ്ട് ബി ജെ പി 200 സീറ്റില്‍ കൂടുതല്‍ നേടില്ലെന്നും ഖാര്‍ഗെ മുംബൈയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു.
ബിജെപിയുടെ വടക്കുകിഴക്കന്‍ ഡല്‍ഹി സ്ഥാനാര്‍ത്ഥി മനോജ് തിവാരി പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് ദില്ലി സീറ്റുകളില്‍ റാലികള്‍ ഇന്ന് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. വൈകുന്നേരം 4 മണിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞങ്ങളുടെ മണ്ഡലത്തിലെത്തി ഒരു ബഹുജന സമ്മേളനത്തെ അഭിസംബോധന ചെയ്യുമെന്ന് നിങ്ങളെ അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ടെന്ന് തിവാരി പറഞ്ഞു.
പ്രിയങ്കാ ഗാന്ധി ഇന്ന് റായ് ബേറേലിയില്‍ വീടുകള്‍ കയറി പ്രചാരണം നടത്തും. ബാരാബങ്കിയിലാണ് രാഹുലിന്റെ പ്രചാരണ പരിപാടി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് അമേഠിയില്‍ പ്രചാരണ റാലി നടത്തും. യുപിയിലാണ് അഞ്ചാം ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ പോളിംഗിന് എത്തുന്നത്.















