
പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്നും അത് കേരളത്തില്‍ നടപ്പാക്കില്ലെന്നും ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരഞ്ഞെടുപ്പിന് മുമ്പ് കേന്ദ്ര സര്‍ക്കാര്‍ ധൃതിപിടിച്ച് ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തത് ഹീനമായ നടപടിയാണെന്നും പൗരത്വ നിയമഭേദഗതി വര്‍ഗീയ അജൻഡയുടെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അയല്‍രാജ്യങ്ങളില്‍ പീഡനങ്ങള്‍ നേരിടുന്ന ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുകയാണ് ലക്ഷ്യമെങ്കില്‍ ആ രാജ്യങ്ങളില്‍ പീഡനം നേരിടുന്ന മുസ്ലീം മതന്യുനപക്ഷങ്ങളെ എന്തുകൊണ്ടാണ് ഉള്‍പ്പെടുത്താത്തതെന്നും മുഖ്യമന്ത്രി ചോദിച്ചു. പാകിസ്താനിലെ അഹമ്മദീയ മുസ്ലീങ്ങള്‍, അഫ്ഗാനിസ്താനിലെ ഹസര വിഭാഗക്കാര്‍, മ്യാന്മറിലെ റോഹിംഗ്യന്‍ വിഭാഗക്കാര്‍, ശ്രീലങ്കയിലെ തമിഴ്‌വംശര്‍ തുടങ്ങിയവര്‍ പൗരത്വത്തിന്റെ പടിക്കുപുറത്താകുന്നത് പൗരത്വനിയമ ഭേദഗതിയുടെ രാഷ്ട്രീയ ലക്ഷ്യത്തെയാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
റോഹിംഗ്യന്‍ അഭയാര്‍ഥികളെ ഇന്ത്യയില്‍ നിന്ന് നാടുകടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ വരെ സമീപിച്ച കാര്യം ഓര്‍ക്കണമെന്നും കുടിയേറിയ മുസ്ലിങ്ങളുടെ പൗരത്വത്തെ നിയമവിരുദ്ധമാക്കുകയാണ് സിഎഎയുടെ യഥാര്‍ഥ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുടിയേറ്റക്കാരെ മുസ്ലീങ്ങളെന്നും അല്ലാത്തവരെന്നും വേര്‍തിരിക്കുന്നത് ഇന്ത്യ എക്കാലവും ഉയര്‍ത്തിപ്പിടിക്കുന്ന ഭരണഘടനാ ധാര്‍മികതയ്ക്കു വിരുദ്ധമായി മതപരമായ വിവേചനം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. രാജ്യാന്തര തലത്തില്‍ തന്നെ സിഎഎ ചോദ്യംചെയ്യപ്പെടുകയാണ്. ഐക്യരാഷ്ട്രസഭയിലടക്കം ഇത് ചോദ്യംചെയ്യപ്പെട്ടിട്ടുണ്ട്. – മുഖ്യമന്ത്രി പറഞ്ഞു.
ഭരണഘടനയ്ക്ക് പകരം മനുസ്മൃതിയെ പ്രതിഷ്ഠിക്കുന്ന തലച്ചോറില്‍ നിന്നാണ് സിഎഎ എന്ന ആശയം ഉടലെടുത്തതെന്നും മുസ്ലീങ്ങളെ രണ്ടാം തരം പൗരന്മാരായി കേന്ദ്ര സര്‍ക്കാര്‍ കണക്കാക്കുന്നത് എന്തിനാണെന്നും മുഖ്യമന്ത്രി ചോദിച്ചു. ഈ നിയമം കേരളം നടപ്പാക്കില്ലെന്നും അത് ഉറപ്പിക്കാനാണ് നിയമഭേദഗതി പാര്‍ലമെന്റില്‍ പാസാക്കിയപ്പോള്‍ തന്നെ സുപ്രീം കോടതിയെ സമീപിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൗരത്വ നിയമഭേദഗതിക്കെതിരേ ഉറച്ച നിലപാടാണ് സിപിഎമ്മിന്റേതെന്നും എന്നാല്‍ ആദ്യം ഭേദഗതിക്കെതിരേ നിലകൊണ്ട കോണ്‍ഗ്രസ് ഇപ്പോള്‍ അതില്‍ നിന്നു പിന്മാറിയെന്നും നിയമഭേദഗതിക്കെതിരേ സിപിഎം നേതാക്കാള്‍ തെരുവില്‍ പ്രതിഷേധത്തിനിറങ്ങിയപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ അവരുടെ പാര്‍ട്ടി അധ്യക്ഷയുടെ വീട്ടില്‍ വിരുന്നുണ്ണാന്‍ പോയിരിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
Pinarayi says his gov will oppose CAA and never implement it in Kerala