
തിരുവനന്തപുരം: ഇന്നലെ കോണ്‍ഗ്രസിലെ പ്രമുഖ നേതാവ് വയനാട്ടിലെത്തി നാമനിര്‍ദേശ പത്രിക നല്‍കിയെങ്കിലും സ്വന്തം പാര്‍ട്ടി പതാക അവിടെ എവിടെയും കണ്ടില്ലെന്നും സ്വന്തം പാര്‍ട്ടി പതാക ഉയര്‍ത്തിപ്പിടിക്കാന്‍ പോലും കഴിയാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറുന്നത് എന്തുകൊണ്ടാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിട്ടാണെന്നും നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നലെ വയനാട്ടില്‍ എത്തിയിട്ടും എന്തുകൊണ്ട് കോണ്‍ഗ്രസ് പതാക അവര്‍ ഉയര്‍ത്തിയില്ലെന്നും മുഖ്യമന്ത്രി ചോദിച്ചു. കഴിഞ്ഞ തവണ വിവാദം ഉണ്ടായത് കൊണ്ടാണ് മുസ്ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും പതാക ഒഴിവാക്കിയതെന്ന ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി പതാക ഒഴിവാക്കിയത് ഭീരുത്വമായ പ്രവര്‍ത്തിയാണെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. മുസ്ലിം ലീഗിന്റെ പതാക ഉയര്‍ത്താതിരിക്കാന്‍ സ്വന്തം പാര്‍ട്ടിയുടെ പതാകയ്ക്ക് പോലും അയിത്തം കല്‍പ്പിക്കുന്ന അവസ്ഥയിലേക്ക് കോണ്‍ഗ്രസ് എത്തിയെന്നും അദ്ദേഹം വിമര്‍ശിച്ചു.
ലീഗിന്റെ വോട്ട് വേണം പതാക വേണ്ട. ഇന്നത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആ പതാകയുടെ ചരിത്രം അറിയുമോയെന്ന് സംശയമുണ്ട്. ഈ പതാക ഉയര്‍ത്തിപ്പിടിക്കാന്‍ സ്വാതന്ത്ര്യസമരക്കാലത്ത് എത്ര കോണ്‍ഗ്രസുകാര്‍ ബ്രീട്ടിഷുകാരുടെ മര്‍ദ്ദനം നേരിട്ടിട്ടുണ്ട്. ഈ ചരിത്രം കോണ്‍ഗ്രസുകാര്‍ക്ക് അറിയില്ലേഎന്നും പിണറായി വിജയന്‍ ചോദിച്ചു.














