
തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ കേന്ദ്രം മുന്നറിയിപ്പ് നൽകിയെന്ന കേന്ദ്രമന്ത്രി അമിത് ഷായുടെ അവകാശവാദത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം പ്രവചിച്ചതിലധികം മഴ പെയ്തെന്നും ദുരന്തം നടന്ന ശേഷമാണ് കേന്ദ്രം റെഡ് അലര്‍ട്ട് വയനാട്ടിൽ പ്രഖ്യാപിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട്ടിൽ പ്രവചിച്ചത് 204 മില്ലിമീറ്റര്‍ മഴയായിരുന്നു. എന്നാൽ ദുരന്ത മേഖലയിൽ 48 മണിക്കൂറിൽ 572 മില്ലിമീറ്റര്‍ മഴ പെയ്തു. 23 മുതൽ 28 വരെ ഓരോ നൽകിയ അറിയിപ്പിൽ ഒരു ദിവസം പോലും ഓറഞ്ച് അലര്‍ട്ട് ഉണ്ടായിരുന്നില്ല. 29 ന് ഉച്ചയ്ക്കാണ് ഓറഞ്ച് അലര്‍ട്ട് നൽകിയത്. 30 ന് ഉരുൾപൊട്ടൽ നടന്ന ശേഷമാണ് അതിതീവ്ര മഴയ്ക്ക് സാധ്യതയും റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചതെന്നും പിണറായി പറഞ്ഞു.
115 നും 204 മില്ലിമീറ്ററിനും ഇടയിൽ മഴ പെയ്യുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ആദ്യത്തെ 24 മണിക്കൂറിൽ ദുരന്ത മേഖലയിൽ 200 മില്ലിമീറ്ററും അടുത്ത 24 മണിക്കൂറിൽ 372 മില്ലിമീറ്റര്‍ മഴയും പെയ്തു. മുന്നറിയിപ്പ് നൽകിയതിലും എത്രയോ അധികമാണ് ഈ പെയ്ത മഴ. പ്രദേശത്ത് കേന്ദ്രകാലാവസ്ഥാ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നില്ല. അപകടം ഉണ്ടായ ശേഷം രാവിലെ ആറ് മണിയോടെയാണ് റെഡ് അലര്‍ട്ട് നൽകിയതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ജിയോളജിക്കൽ സര്‍വേ ഇന്ത്യ ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംവിധാനം വയനാട്ടിൽ സ്ഥാപിച്ചിരുന്നു. അന്നേ ദിവസം ഉച്ചയ്ക്ക് രണ്ട് മണിക്ക് ജിയോളജിക്കൽ സര്‍വേ ഓഫ് ഇന്ത്യ വയനാട്ടിൽ പച്ച അലര്‍ട്ടാണ് നൽകിയത്. താരതമ്യേന ചെറിയ മണ്ണിടിച്ചിലിന് സാധ്യതയെന്നാണ് പറഞ്ഞത്. എന്നാൽ അവിടെ വൻ ദുരന്തമാണ് സംഭവിച്ചത്. കേന്ദ്ര ജല കമ്മീഷനാണ് സംസ്ഥാനത്ത് പ്രളയ മുന്നറിയിപ്പ് നൽകേണ്ടത്. ഈ മാസം 23 മുതൽ 28 വരെ അവര്‍ ഇരുവഴിഞ്ഞി പുഴയിലോ ചാലിയാറിലോ പ്രളയ മുന്നറിയിപ്പ് ഈ ഏജൻസി നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പരസ്പരം പഴിചാരേണ്ട സമയമല്ലിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
pinarayi vijayan reply to Amit sha on Wayanad landslide











