
തിരുവനന്തപുരം: കർണാടകയിലെ ഷിരൂരിൽ മണ്ണിടിഞ്ഞ് കാണാതായ മലയാളി ട്രക്ക് ഡ്രൈവർ അർജുന് വേണ്ടിയുള്ള തെരച്ചിൽ തുടരണണെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചു. രക്ഷാപ്രവർത്തനങ്ങൾ തുടരാൻ നിർദ്ദേശങ്ങൾ നൽകാൻ അഭ്യര്‍ത്ഥിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആവശ്യമായ എല്ലാ ഉപകരണങ്ങളും ഉപയോഗിച്ച് തെരച്ചില്‍ തുടരണമെന്നും രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ടീമുകളുടെ ശ്രമങ്ങൾക്ക് നന്ദിയുണ്ടെന്നും പിണറായി അറിയിച്ചു.
അതേസമയം ഷിരൂരിൽ അർജുന് വേണ്ടിയുള്ള തെരച്ചിൽ താത്ക്കാലികമായി അവസാനിപ്പിച്ച വിവരം ഔദ്യോഗികമായി അറിയിച്ചില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഇന്നലെ വരെ പറയാത്ത കാര്യമാണ് ഇപ്പോൾ പെട്ടെന്ന് പറഞ്ഞതെന്നും മന്ത്രി പറഞ്ഞു. രക്ഷാപ്രവർത്തനം നിർത്തി വയ്ക്കരുതെന്ന് മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. കേരള സർക്കാർ ആകുന്നത് പോലെ ചെയ്തു. മറ്റൊരു സംസ്ഥാനത്തെ ദൗത്യത്തിൽ ഇടപെടുന്നതിൽ കേരളത്തിന് പരിമിതി ഉണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.