‘അച്ഛനെ കൊന്നത് യുഡിഎഫ് സർക്കാർ’; കെ.എം ഷാജിക്ക് മറുപടിയുമായി കുഞ്ഞനന്തന്റെ മകൾ

കോഴിക്കോട്: ആർ എം പി നേതാവ് ടി പി ചന്ദ്രശേഖരൻ കൊലക്കേസിലെ പ്രതി പി കെ കുഞ്ഞനന്തന്‍റെ മരണത്തിൽ ദുരൂഹത ആരോപിച്ച മുസ്ലീം ലീഗ് നേതാവ് കെ എം ഷാജിയെ തള്ളി കുഞ്ഞനന്തന്റെ മകള്‍ ഷബ്‌ന മനോഹരന്‍. മരണത്തില്‍ ദുരൂഹതയില്ലെന്നും കുഞ്ഞനന്തന് ചികിത്സ വൈകിപ്പിച്ചത് യുഡിഎഫ് സര്‍ക്കാര്‍ ആണെന്നും ഷബ്‌ന പറഞ്ഞു. കൊന്നത് യുഡിഎഫ് സര്‍ക്കാര്‍ ആണെന്നും അള്‍സര്‍ മൂര്‍ച്ഛിച്ചാണ് പിതാവ് മരിച്ചതെന്നും ഷബ്‌ന വ്യക്തമാക്കി.

“ഞങ്ങള്‍ക്ക് അങ്ങനെയൊരു ആരോപണം ഇല്ല. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കൃത്യമായി ചികിത്സ നല്‍കിയില്ലെന്ന ആരോപണം ഉണ്ട്. അതിനാലാണ് അള്‍സര്‍ ഗുരുതരമായത്. പല തവണ ഉന്നയിച്ചപ്പോളും വ്യാജമാണെന്ന് യുഡിഎഫും മാധ്യമങ്ങളും ഒരുപോലെ പറഞ്ഞു. എല്‍ഡിഎഫ് വന്നപ്പോഴേക്കും രോഗം പാരമ്യത്തില്‍ എത്തിയിരുന്നു. യുഡിഎഫ് അച്ഛനെ കൊന്നതാണെന്ന് അന്ന് തന്നെ ആരോപണം ഉയര്‍ന്നിരുന്നില്ലേ,” ഷബ്ന ആരോപിച്ചു.

കൊലക്കേസിലെ പ്രതിയായ കുഞ്ഞനന്തനെയും കൊലപ്പെടുത്തിയതാണെന്നാണ് ഷാജിയുടെ ആരോപണം. അന്വേഷണം സി പി എം നേതാക്കളിലേക്ക് എത്താതിരിക്കാനായി ആസൂത്രിതമായാണ് കുഞ്ഞനന്തനെ കൊലപ്പെടുത്തിയതെന്നും ഷാജി അഭിപ്രായപ്പെട്ടു.

സി പി എം നേതാക്കളിലേക്ക് അന്വേഷണം എത്താൻ സാധ്യതയുള്ള ഏക കണ്ണി കുഞ്ഞനന്തനായിരുന്നു. കുഞ്ഞനന്തൻ മരണപ്പെട്ടത് ജയിലിൽ നിന്നേറ്റ ഭക്ഷ്യ വിഷബാധയെ തുടർന്നാണ്. കൃത്യമായി ആസുത്രണം ചെയ്തതാണ് കുഞ്ഞനനന്തനെ കൊലപ്പെടുത്തിയതെന്നും ഷാജി അഭിപ്രായപ്പെട്ടു. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവർ കൊല്ലപ്പെട്ടിട്ടുണ്ടന്നും കെഎം ഷാജി പറഞ്ഞു. മലപ്പുറം കൊണ്ടോട്ടി മുസ്‌ലീം ലീഗ് മുനിസിപ്പൽ സമ്മേളന വേദിയിലായിരുന്നു കെ എം ഷാജിയുടെ വിവാദ പ്രസംഗം.

More Stories from this section

family-dental
witywide