
കൊച്ചി: കേരളത്തിൽ കോളിളക്കമുണ്ടാക്കിയ പെരുമ്പാവൂർ ജിഷ വധക്കേസിലെ പ്രതിയുടെ വധശിക്ഷ നടപ്പാക്കാനായി അനുമതി തേടിയുള്ള സംസ്ഥാന സർക്കാരിന്‍റെ ഹർജിയിൽ തിങ്കളാഴ്ച വിധി പറയും. അസാം സ്വദേശി അമിറുൾ ഇസ്ലാമിന്‍റെ വധശിക്ഷ നടപ്പാക്കാനാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയുടെ അനുമതി തേടിയത്. അനുമതിക്കായി സർക്കാർ സമർപ്പിച്ച ഹർജിയിൽ തിങ്കളാഴ്ച വിധി പറയുമെന്നാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്. കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി നൽകിയ അപ്പീലിലും കോടതി അന്നേ ദിവസം തന്നെ വിധി പറയും. 2016 ഏപ്രിൽ 28 നായിരുന്നു പെരുമ്പാവൂർ സ്വദേശിയും നിയമ വിദ്യാർത്ഥിയുമായ ജിഷ ക്രൂരമായി കൊല്ലപ്പെട്ടത്.
കനാൽ പുറമ്പോക്കിലെ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കടന്നാണ് പ്രതി കൃത്യം നടത്തിയത്. അതിക്രൂരമായ ബലാത്സംഗത്തിനിരയായാണ് ജിഷ കൊല്ലപ്പെട്ടതെന്ന് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. മാസങ്ങൾ നീണ്ട വിചാരണയ്‌ക്കൊടുവിൽ വിചാരണക്കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. ഇതിനെതിരെ പ്രതി ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഇതിനൊപ്പം തന്നെയാണ് സർക്കാർ വധശിക്ഷ നടപ്പാക്കാൻ അപ്പീലും നൽകിയത്. ഈ രണ്ട് ഹർജികളിലുമാണ് മറ്റന്നാൾ ഹൈക്കോടതി വിധി പറയുക.















