
ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന്റെ വീട്ടില്‍ നടന്ന ഗണപതി പൂജയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തത് വിവാദത്തിലേക്ക്. ഒരു സ്വകാര്യ കൂടിക്കാഴ്ചയ്ക്ക് നരേന്ദ്ര മോദിയ്ക്ക് അനുവാദം നല്‍കിയ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നടപടി ഞെട്ടിക്കുന്നതാണെന്ന് അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചു.
ചീഫ് ജസ്റ്റിസിനും പത്‌നി കല്‍പ്പന ദാസിനുമൊപ്പമാണ് മോദി പൂജയില്‍ പങ്കെടുത്തത്. എല്ലാവര്‍ക്കും സന്തോഷവും സമൃദ്ധിയും ആരോഗ്യവുമുണ്ടാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ഇതിന്റെ ചിത്രങ്ങള്‍ പ്രധാനമന്ത്രി സമൂഹ മാധ്യമമായ എക്‌സിലൂടെ പങ്കുവെച്ചിട്ടുമുണ്ട്. പിന്നാലെയാണ് വിവാദം തല പൊക്കിയത്.
ഇത്തരം പ്രവണതകള്‍ പൗരന്മാരുടെ മൗലികാവകാശം സംരക്ഷിക്കുന്നതിനും ഭരണഘടനയുടെ പരിധിക്കുള്ളില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും ചുമതലപ്പെടുത്തിയിരിക്കുന്ന ജുഡീഷ്യറിക്ക് വളരെ മോശമായ സൂചനയാണ് നല്‍കുന്നതെന്നു പ്രശാന്ത് ഭൂഷണ്‍ വിമര്‍ശിച്ചു.
‘ഭരണഘടനയുടെ സംരക്ഷകന്‍’ രാഷ്ട്രീയക്കാരുമായി കൂടിക്കാഴ്ച നടത്തുന്നത് ജനങ്ങളുടെ മനസ്സില്‍ സംശയം ജനിപ്പിക്കുമെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് പറഞ്ഞതിന് പിന്നാലെയാണ് വിവാദം ഇത്രയും കൊഴുത്തത്. ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തെ യഥാര്‍ത്ഥ ശിവസേനയായി അംഗീകരിക്കാനുള്ള മഹാരാഷ്ട്ര സ്പീക്കറുടെ തീരുമാനത്തെ ഉദ്ധവ് താക്കറെ ക്യാമ്പ് ചോദ്യം ചെയ്ത കേസില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സിജെഐ ചന്ദ്രചൂഡിനെ അദ്ദേഹം ഉപദേശിച്ചു. ‘ഞങ്ങളുടെ മഹാരാഷ്ട്ര കേസ്… സിജെഐ ചന്ദ്രചൂഡിന്റെ മുമ്പാകെ വാദം കേള്‍ക്കല്‍ നടക്കുന്നുണ്ട്, അതിനാല്‍ ഞങ്ങള്‍ക്ക് നീതി ലഭിക്കുമോ എന്ന് ഞങ്ങള്‍ക്ക് സംശയമുണ്ട് കാരണം കേസില്‍ പ്രധാനമന്ത്രിയാണ് എതിര്‍കക്ഷി’ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തിന് അനുകൂലമായ വിധി വരാതിരുന്ന സുപ്രീം കോടതിയിലെ ചില കേസുകളും അദ്ദേഹം എടുത്തുകാട്ടിയാണ് പരാമര്‍ശം നടത്തിയത്.
അതേസമയം, പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഗണപതി പൂജ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ മാത്രമായിരുന്നെന്നും ഇത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും തിരിച്ചടിച്ച് ബിജെപിയും രംഗത്തുണ്ട്.