ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരാന്‍ കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരാന്‍ കോണ്‍ഗ്രസിനെയോ മറ്റേതെങ്കിലും പ്രതിപക്ഷ പാര്‍ട്ടിയെയോ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാക്കള്‍ പറയുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, ഇന്ത്യയുടെ ഭരണഘടന, ഫെഡറല്‍ ഘടന, അധികാരപരിധി എന്നിവ മനസ്സിലാക്കുന്നവര്‍ അത്തരം കാര്യങ്ങള്‍ പറയില്ലെന്ന് മോദി വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരുന്നത് പ്രതിപക്ഷത്തിന്റെ അധികാരപരിധിയിലല്ലെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി താന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായിരുന്നാല്‍ പോലും തനിക്ക് അതിന് കഴിയില്ലെന്നും വ്യക്തമാക്കി. മാത്രമല്ല, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അവരുടെ പരിധിയിലുള്ളത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളെ കബളിപ്പിക്കുന്നത് ഇന്നത്തെ ഒരു പ്രവണതയാണെന്നും അതുകൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ അവര്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നതെന്നും ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് പ്രസ്താവനകളെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞു.

മാത്രമല്ല, ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസിനെ വെല്ലുവിളിക്കുന്നുവെന്നും മോദി പറഞ്ഞു. ഭരണഘടനയെയും ബാബാസാഹേബ് അംബേദ്കറെയും കുറിച്ച് കോണ്‍ഗ്രസ് വലിയ സംസാരം നടത്തുന്നുവെന്നും എന്നാല്‍ ബാബാസാഹെബ് അംബേദ്കറുടെ ഭരണഘടന രാജ്യത്തിന് മുഴുവന്‍ ബാധകമായിരുന്നില്ലെന്നും 70 വര്‍ഷമായി ജമ്മു കശ്മീരില്‍ ഇന്ത്യന്‍ ഭരണഘടന ബാധകമല്ലായിരുന്നുവെന്നും മോദി വ്യക്തമാക്കി.

2019 ഓഗസ്റ്റ് 5 നാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി അവസാനിപ്പിച്ച് നരേന്ദ്ര മോദി സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്.

More Stories from this section

family-dental
witywide