
ദില്ലി: ലോക് സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെ ബി ജെ പി പ്രവർത്തകരുമായി സംവദിച്ചു. കരുവന്നൂർ തട്ടിപ്പ് കേസടക്കം എടുത്തുപറഞ്ഞായിരുന്നു ഓൺലൈനിലൂടെ കേരളത്തിലെ പ്രവർത്തകരുമായി പ്രധാനമന്ത്രി സംവദിച്ചത്. കരുവന്നൂർ തട്ടിപ്പുമായി ബന്ധപ്പെട്ട് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വലിയ നേതാക്കളുടെ പേരടക്കം ഉയർന്ന് വരുന്നതായി മോദി ചൂണ്ടികാട്ടി. കുറ്റം ചെയ്തത് ആരായാലും അവർക്കെതിരെ നടപടിയുണ്ടാകും. കമ്യൂണിസ്റ്റ് പാർട്ടി നേതാക്കൾക്കെതിരെ നിരവധി ചോദ്യങ്ങൾ ഉയരുന്നുണ്ട്. ജനങ്ങളെ വഞ്ചിച്ച ഈ തട്ടിപ്പിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ഒരാളേയും വെറുതെ വിടില്ലെന്ന് ഉറപ്പ് തരുന്നതായും മോദി വ്യക്തമാക്കി.
രാജ്യവ്യാപകമായി എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് പിടിച്ചെടുത്ത പണം പാവങ്ങളുടെ പണമാണെങ്കിൽ നിക്ഷേപകർക്ക് തിരിച്ച് നൽകുമെന്നും പ്രധാനമന്ത്രി ഉറപ്പുപറഞ്ഞു. ഇതിന് വേണ്ടിയുള്ള നിയമ സാധ്യത തേടുകയാണെന്നും പുതിയ സർക്കാർ വന്നാൽ ഉടൻ തന്നെ ഇക്കാര്യത്തിൽ നടപടിയുണ്ടാകും. നിക്ഷേപകരുടെ പണം തിരിച്ച് നൽകാനുള്ള നടപടിയെടുക്കുമെന്നും മോദി വിവരിച്ചു.
കേരളത്തിലും ദേശീയ തലത്തിലുമുള്ള കമ്യൂണിസ്റ്റ് – കോൺഗ്രസ് കള്ളകളി തുറന്നുകാട്ടാനാകണമെന്നും പ്രവർത്തകരോട് മോദി ആവശ്യപ്പെട്ടു. എൽ ഡി എഫ് – യു ഡി എഫ് ബന്ധം തുറന്ന് കാട്ടാനായി പ്രവർത്തകർ രംഗത്തിറങ്ങണം. അഴിമതി ഇരു മുന്നണികളും മറച്ച് വയ്ക്കുകയാണെന്നും കേരളത്തിൽ പോരടിക്കുന്നവർ, മറ്റ് സംസ്ഥാനങ്ങളിൽ കൈകോർത്ത് മോദിയെ തോൽപിക്കാൻ ശ്രമിക്കുന്നുവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അഴിമതിയിൽ ഇരുവരും പരസ്പരം പങ്കുപറ്റുന്നവരാണെന്നും എൽ ഡി എഫും യു ഡി എഫും തമ്മിലുള്ള മത്സരം തട്ടിപ്പിലാണെന്നും മോദി പറഞ്ഞു. ഇന്ത്യ സഖ്യത്തിന്‍റെ അഴിമതി തുറന്നു കാട്ടാൻ പ്രവർത്തകർ പരിശ്രമിക്കണമെന്നും ജനങ്ങൾക്കിടയിൽ ഇവരുടെ അഴിമതി ചർച്ചയാക്കണമെന്നും മോദി ആവശ്യപ്പെട്ടു.
PM Modi against communist leaders on karuvannur bank scam