
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിയിൽ സ്കൂൾ കുട്ടികളെ പങ്കെടുപ്പിച്ച സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് നടപടിക്ക് ഉത്തരവിട്ടു. മോദി കോയമ്പത്തൂരിൽ നടത്തിയ റാലിയിൽ സ്കൂൾ കുട്ടികളെ അണിനിരത്തിയ ഹെഡ് മാസ്റ്റർക്കും അധ്യപകർക്കുമെതിരെ നടപടിയെടുക്കാനാണ് തമിഴ്നാട് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിരിക്കുന്നത്. ഇവർക്കെതിരെ നടപടിയെടുത്ത് 24 മണിക്കൂറിനകം റിപ്പോർട്ട് നൽകണമെന്നും ഡി ഇ ഒയുടെ ഉത്തരവിൽ പറയുന്നു. റിലിയിൽ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചെന്ന് സ്കൂൾ മാനേജ്മെന്‍റിന് ഡി ഇ ഒ കത്തും നൽകിയിട്ടുണ്ട്.
ഇന്നലെ കൊയമ്പത്തൂരിൽ മോദി നടത്തിയ റാലിക്കിടെ സായിബാബ കോളനി ജംഗ്ഷനിൽ സ്കൂൾ യൂണിഫോം ധരിച്ചും ഹനുമാനായി വേഷമിട്ടും അൻപതോളം വിദ്യാർത്ഥികളെയാണ് അണിനിരത്തിയത്. അധ്യാപകരുടെ നടപടി അപ്പോൾ തന്നെ വലിയ വിവാദമായി മാറിയിരുന്നു. തമിഴ്നാട് ഭരിക്കുന്ന ഡി എം കെ പാർട്ടി നേതാക്കളടക്കം വലിയ വിമർശനവുമായി രംഗത്തെത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സ്കൂൾ കുട്ടികളെ മോദിയുടെ റാലിയിൽ പങ്കെടുപ്പിച്ചതിന് വിദ്യാഭ്യാസ വകുപ്പ് നടപടിക്ക് ഉത്തരവിട്ടത്.
pm modi coimbatore road show school students controversy













