
വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിലെ സമ്മാനങ്ങൾ ചർച്ചയാകുന്നു. യു എസ് പ്രസിഡന്റ് ജോ ബൈഡനടക്കമുള്ളവർക്ക് വ്യത്യസ്തമായ സമ്മാനങ്ങൾ ആണ് മോദി നൽകിയത്. വെള്ളിയില്‍ തീര്‍ത്ത കരകൗശല ട്രെയിന്‍ ആണ് മോദി ബൈഡന് സമ്മാനിച്ചത്. ഡല്‍ഹി – ഡെലവെയര്‍ എന്നും ഇന്ത്യന്‍ റെയില്‍വേ എന്നും ആലേഖനം ചെയ്ത കസ്റ്റമമൈസ്ഡ് ട്രെയിന്‍ ആണ് മോദി ബൈഡന് സമ്മാനിച്ചത്.
വെള്ളി കൊണ്ടുള്ള കരകൗശലത്തില്‍ സമ്പന്നമായ പാരമ്പര്യത്തിന് പേരുകേട്ട മഹാരാഷ്ട്രയില്‍ നിന്നുള്ള കരകൗശല വിദഗ്ധരാണ് ഈ വിശിഷ്ട സമ്മാനം നിര്‍മിച്ചത്. പ്രഥമ വനിത ജില്‍ ബൈഡന് കശ്മീരി പശ്മിന ഷാള്‍ ആണ് മോദി ഉപഹാരമായി നല്‍കിയത്.
ത്രിദിന സന്ദര്‍ശനത്തിനായി യുഎസില്‍ എത്തിയ പ്രധാനമന്ത്രി മോദിക്ക് പ്രസിഡന്റ് ബൈഡൻ ഊഷ്മളമായ സ്വീകരണം നൽകി. പ്രധാനമന്ത്രി മോദിയെ പ്രസിഡന്റ് ബൈഡന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ സ്വീകരിച്ചു. കൂടിക്കാഴ്ചയുടെ ഫോട്ടോകള്‍ പങ്കുവെച്ച യുഎസ് പ്രസിഡന്റ്, പ്രധാനമന്ത്രി മോദിയെ കാണുമ്പോഴെല്ലാം സഹകരണത്തിന്റെ പുതിയ മേഖലകള്‍ കണ്ടെത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് തന്നെ അത്ഭുതപ്പെടുത്തുന്നതായും പറഞ്ഞു.