‘എനിക്ക് പിന്‍ഗാമികളില്ല, രാജ്യത്തെ ജനങ്ങളാണ് എന്റെ പിന്‍ഗാമികൾ’; ഇന്ത്യ സഖ്യത്തിനെതിരെ പ്രധാനമന്ത്രി

പട്‌ന: തനിക്ക് പിന്‍ഗാമികളില്ലെന്നും ഇന്ത്യയിലെ ജനങ്ങളാണ് തന്റെ പിൻഗാമികളെന്നനും പ്രധാനമന്ത്രി നരേന്ദ്രമോദി. ബീഹാറിലെ കിഴക്കന്‍ ചമ്പാരനില്‍ പൊതുജനറാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. അഴിമതി, പ്രീണന രാഷ്ട്രീയം എന്നിവയ്ക്ക് വേണ്ടിയാണ് ഇന്‍ഡ്യ മുന്നണി നിലകൊള്ളുന്നത്. ജൂണ്‍ നാലിന് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ മുന്നണിക്ക് വലിയ തിരിച്ചടി ലഭിക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു.

രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്‌കരിച്ചവര്‍ അഴിമതിക്കാരുമായി അത്താഴം കഴിക്കുകയാണെന്നും മോദി പറഞ്ഞു. രാഹുല്‍ ഗാന്ധി ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവുമായി ചേര്‍ന്ന് ഭക്ഷണം കഴിച്ചതിനെതിരെയായിരുന്നു മോദിയുടെ പരോക്ഷമായി വിമര്‍ശനം.

നെഹ്‌റു മുതല്‍ രാഹുല്‍ ഗാന്ധി വരെ ഈ കുടുംബത്തിലെ എല്ലാ പ്രധാനമന്ത്രിമാരും പട്ടികജാതി-പട്ടിക വര്‍ഗ സംവരണത്തിന് എതിരായിരുന്നു. വോട്ട് ജിഹാദിന്റെ ആളുകളോട് മാത്രമാണ് ഇവര്‍ക്ക് താല്‍പര്യമെന്നും നരേന്ദ്രമോദി പറഞ്ഞു. സംവരണം അട്ടിമറിക്കാന്‍ ഇന്‍ഡ്യ സഖ്യത്തിന് ഭരണഘടന മാറ്റിയെഴുതണം. അന്ന് അംബേദ്കര്‍ അവിടെ ഇല്ലായിരുന്നുവെങ്കില്‍ നെഹ്‌റു പട്ടികജാതി-പട്ടിക വര്‍ഗ സംവരണം അനുവദിക്കില്ലായിരുന്നുവെന്നും നരേന്ദ്രമോദി പറഞ്ഞു.

വെള്ളിക്കരണ്ടിയുമായി ജനിച്ചവര്‍ക്ക് കഠിനാധ്വാനത്തിന്റെ വില മനസ്സിലാവില്ലെന്നും പ്രധാനമന്ത്രി വിമർശിച്ചു. വെള്ളിക്കരണ്ടിയുമായി ജനിച്ചവര്‍ക്ക് കഠിനാധ്വാനം എന്താണെന്ന് അറിയില്ല. ജൂണ്‍ നാലിന് ശേഷം മോദിക്ക് ബെഡ്റെസ്റ്റാണെന്നാണ് ഇവിടെ ആരോ പറഞ്ഞുകേട്ടത്. എന്നാല്‍ ഇവിടെ ഒരാള്‍ക്കും ബെഡ്റെസ്റ്റ് ഉണ്ടാകരുതെന്ന് ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. രാജ്യത്തെ ഏതൊരു പൗരന്റെയും ജീവിതം ഊര്‍ജസ്വലമാകണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.