പ്രധാനമന്ത്രി നാളെ തൃശൂരിൽ; സ്വരാജ് റൗണ്ടിൽ റോഡ് ഷോ

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിലെത്തും. ഉച്ചയോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി അവിടെ നിന്ന് തൃശൂരിലേക്ക് പോകും. തേക്കിന്‍കാട് മൈതാനം ചുറ്റിയുള്ള റോഡ് ഷോയ്ക്ക് ശേഷം നടക്കുന്ന മഹിളാ സമ്മേളനത്തില്‍ മോദി സംസാരിക്കും.

ഇന്ന് തമിഴ്നാട്ടിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. ലോക്സഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ, വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി തമിഴ്നാട്ടിലെത്തുന്നത്. റോഡ്‌ – റെയിൽ -വ്യോമഗതാഗത മേഖലയിലായി 19,500 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും.

പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് പറഞ്ഞു. നാളെ ഉച്ചയ്ക്ക് 2 മണിയോടെ പ്രധാനമന്ത്രി എത്തും. ജില്ലാ ആശുപത്രി മുതൽ നായക്കനാൽ വരെ റോഡ് ഷോ നയിക്കും. 3 മണിക്കാണ് മഹിളാ സമ്മേളനം. മഹിളകൾക്ക് മാത്രമേ സമ്മേളനത്തിൽ പ്രവേശനമുള്ളൂ. ഒന്നര കിലേമീറ്റോളമാണ് റോഡ് ഷോ. പ്രവർത്തകർ റോഡിന് ഇരുവശവും നിൽക്കും. മഹിളാ സമ്മേളനത്തിൽ പാർട്ടി പ്രവർത്തകരായ വനിതകൾക്ക് പുറമേ വിവിധ മേഖലകളിൽ നിന്നുള്ള വനിതകൾ പങ്കെടുക്കും.

പ്രധാനമന്ത്രി വരുന്നതിന്റെ ഒരുക്കങ്ങൾക്കൊപ്പം തൃശൂരിലെ സ്ഥാനാർഥിയാവാൻ സാധ്യതയുള്ള സുരേഷ് ഗോപിയ്ക്കായുള്ള ചുമരെഴുത്തും തുടങ്ങി.

More Stories from this section

family-dental
witywide