പ്രധാനമന്ത്രി കേരളത്തിൽ; ഗവർണറും മുഖ്യമന്ത്രിയും ചേർന്ന് സ്വീകരിച്ചു; കൊച്ചിയിൽ റോഡ് ഷോ ഉടൻ

കൊച്ചി∙ രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിയെ കേരള മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചേർന്നു സ്വീകരിച്ചു. തുടർന്ന് ഹെലികോപ്ടറിൽ ഏഴു മണിയോടെ വ്യോമസേന വിമാനത്താവളത്തിലെത്തി.

മോദിക്ക് അഭിവാദ്യം അർപ്പിക്കാൻ പ്രവർത്തകരുടെ നീണ്ട നിരയാണ് നഗരത്തിൽ. കെപിസിസി ജങ്ഷൻ മുതൽ ഗവ.ഗസ്റ്റ് ഹൗസ് വരെ 1.3 കിലോമീറ്ററാണ് റോഡ്ഷോ. നേരത്തേ, വൈകിട്ട് ആറിന് റോഡ്ഷോ തുടങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും പ്രധാനമന്ത്രി എത്താൻ വൈകുമെന്നതിനാൽ ഏഴരയിലേക്ക് മാറ്റുകയായിരുന്നു.

മഹാരാജാസ് ​ഗ്രൗണ്ട് മുതൽ ഗസ്റ്റ് ഹൗസ് വരെയുള്ള പ്രധാനമന്ത്രിയുടെ റോഡ് ഷോ കാണാനായി റോഡിന്റെ ഇരുഭാഗത്തും നിരവധി പേരാണ് തടിച്ചുകൂടിയിരിക്കുന്നത്. ഇന്ന് ഗസ്റ്റ് ഹൗസിൽ തങ്ങുന്ന മോദി ബുധനാഴ്ച രാവിലെയോടെ തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായി തിരിക്കും. പിന്നീട് കൊച്ചിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും മോദി നിർവ്വഹിക്കും.

പ്രധാനമന്ത്രിയുടെ കൊച്ചി സന്ദർശനത്തോടനുബന്ധിച്ച് ചൊവ്വ, ബുധൻ ദിവസങ്ങളിൽ എറണാകുളം നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 16-ന് ഉച്ചയ്ക്ക് രണ്ടുമണി മുതലും 17-ന് വെളുപ്പിന് മുന്നുമണി മുതൽ ഉച്ചവരെയുമായിരിക്കും ഗതാഗത നിയന്ത്രണം.

Also Read

More Stories from this section

family-dental
witywide