
അബുദാബി: ജിസിസിയിലെ ഏക ശിലാക്ഷേത്രം വിശ്വാസികൾക്ക് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അബുദാബിയിലെ ബിഎപിഎസ് ഹിന്ദു ശിലാക്ഷേത്രമാണ് പ്രധാനമന്ത്രി ഭക്തർക്കായി തുറന്നു കൊടുത്തത്. യുഎഇ ഭരണാധികാരികളടക്കമുള്ള വിശിഷ്ട വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിലാണ് ക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി വിശ്വാസികൾക്ക് സമർപ്പിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ . മഹന്ത് സ്വാമി മഹാരാജിന്‍റെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. മറ്റു പ്രത്യേക പൂജകൾ നടന്നു.
ബിഎപിഎസ് സ്വാമിനാരായൺ സൻസ്തയുടെ ആത്മീയ ഗുരുവായ മഹന്ത് സ്വാമി മഹാരാജും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്ന് റിബൺ മുറിക്കുന്ന ചടങ്ങോടെയാണ് ബാപ്‌സ് ഹിന്ദു മന്ദിർ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടത്. ക്ഷേത്രത്തിലെത്തിയ മോദിയെ ബാപ്‌സ് ഹിന്ദു മന്ദിറിൻ്റെ പ്രോജക്ട് തലവൻ പൂജ്യ ബ്രഹ്മവിഹാരിദാസ് സ്വാമിയും പൂജ്യ ഈശ്വർചരൺ സ്വാമിയും ചേർന്ന് സ്വീകരിച്ചു. ബാപ്സ് മുഖ്യപുരോഹിതനും ആത്മീയാചാര്യനുമായ മഹന്ത് സ്വാമി മഹാരാജ് പ്രധാന കർമങ്ങൾക്ക് നേതൃത്വം നൽകി. യുഎഇ ഭരണാധികാരികളടക്കം ഒട്ടേറെ അറബ് പ്രമുഖർ പങ്കെടുത്തു.
ക്ഷണിക്കപ്പെട്ടവർക്ക് മാത്രമാണ് ഉദ്ഘാടനദിനത്തിൽ പ്രവേശനം. ദുബായ്-അബുദാബി ഹൈവേയിലെ അബു മുറൈഖയിൽ 27 ഏക്കർ സ്ഥലത്താണ് ക്ഷേത്രം. അബുദാബി സർക്കാർ സൗജന്യമായി നൽകിയ സ്ഥലത്ത് 2019ലാണ് നിർമാണം ആരംഭിച്ചത്. പിങ്ക് മണൽക്കല്ലും വെള്ള മാർബിളുമാണ് നിർമാണത്തിനുപയോഗിച്ചത്. ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ ഇന്ന് പുലർച്ചെ പൂർത്തിയായിരുന്നു. ഫെബ്രുവരി 18 മുതൽ ക്ഷേത്രം വിശ്വാസികൾക്കായി തുറന്നു കൊടുക്കും. ജാതിമതഭേദമന്യേ എല്ലാവർക്കും ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കുമെന്ന് ബാപ്സ് അധികൃതർ അറിയിച്ചിട്ടുണ്ട്.















