
റിയോ ഡി ജനീറോ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണുന്നത് എപ്പോഴും വലിയ സന്തോഷമാണെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. ബ്രസീലില്‍ നടക്കുന്ന ഒൻപതാം ജി-20 ഉച്ചകോടിയിലെ ഉഭയകക്ഷി ചർച്ചകള്‍ക്കിടെ ആയിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.
വിവിധ മേഖലകളിലെ സഹകരണത്തിനുള്ള സാധ്യകള്‍ ഇരുവരും ചർച്ച ചെയ്തു. ആഗോളതലത്തിൽ ഇന്ത്യയുടെ വർധിച്ചുവരുന്ന സ്വാധീനത്തേയും ഇറ്റലിയും ഇന്ത്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തേയും ജോർജിയ മെലോനി പ്രശംസിച്ചു. കൂടിക്കാഴ്ചയെ സംബന്ധിച്ച വിവരങ്ങൾ മെലോനി എക്സിൽ പങ്കുവെച്ചു.
2025 മുതല്‍ 2029 വരെയുള്ള, ഇന്ത്യ-ഇറ്റലി സംയുക്ത സ്ട്രാറ്റജിക് ആക്ഷൻ പ്ലാനിന്റെ പ്രഖ്യാപനമായിരുന്നു ചർച്ചയിലെ പ്രധാന തീരുമാനം. വ്യാപാരം, നിക്ഷേപം, ശാസ്ത്ര സാങ്കേതികവിദ്യ, ബഹിരാകാശ പര്യവേഷണം, പ്രതിരോധം തുടങ്ങിയ മേഖലകളില്‍ സഹകരണത്തിനുള്ള സാധ്യതകള്‍ ഇരു നേതാക്കളും ചർച്ച ചെയ്തു.
ഇരുരാജ്യങ്ങളും തമ്മില്‍ വളർന്നുവരുന്ന സൗഹൃദത്തില്‍ മോദി സന്തോഷം പ്രകടിപ്പിച്ചു. ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള പരസ്പര സഹകരണം ലോകത്തിന് മികച്ച സംഭാവന നല്‍കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉഭയകക്ഷി ചർച്ചകളുടെ ഭാഗമായി ഇന്തോനേഷ്യ, പോർച്ചുഗല്‍, യു.കെ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളുമായും നരേന്ദ്രമോദി ചർച്ച നടത്തി.
ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി നരേന്ദ്രമോദി തിങ്കളാഴ്ചയാണ് ബ്രസീലിലെത്തിയത്. ഇക്കുറി ജി20-ലെ ‘ട്രോയ്ക’ ഗ്രൂപ്പ് അംഗമാണ് ഇന്ത്യ. ജി20-ന്റെ നടത്തിപ്പ് സുഗമമാക്കുന്നതിനുള്ള ത്രികക്ഷിസംഘമാണ് ട്രോയ്ക. തിങ്കള്‍-ചൊവ്വ ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിയില്‍ യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് എന്നിവരും പങ്കെടുക്കും.
PM Modi Meets Giorgia Meloni amid g20 summit