‘അനീതിയുടെയും അഴിമതിയുടെയും നുണകളുടെയും ശക്തിയാണ് മോദി’; പ്രധാനമന്ത്രിക്ക് രാഹുൽ ഗാന്ധിയുടെ മറുപടി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. പറയുന്ന കാര്യങ്ങൾ നരേന്ദ്ര മോദി വളച്ചൊടിക്കുന്നുവെന്നു രാഹുൽ ഗാന്ധി ആരോപിച്ചു. ‘ശക്തി’ പരാമർശം മോദി വളച്ചൊടിക്കുന്നു. താൻ പറയുന്ന ‘ശക്തി’ മതപരമല്ല. മോദി അനീതിയുടെയും അഴിമതിയുടെയും അസത്യത്തിൻ്റെയും ശക്തിയാണ്. എന്നാൽ രാജ്യത്തിന്റെ ശക്തി വർധിപ്പിക്കാൻ രാജ്യത്തിൻ്റെ സ്വത്ത് ലേലം ചെയ്യുന്നുവെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.

“എൻ്റെ വാക്കുകൾ മോദിക്ക് ഇഷ്ടമല്ല. ആഴത്തിലുള്ള സത്യങ്ങളെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നതെന്ന് മോദിക്ക് അറിയാം. അതുകൊണ്ടാണ് എൻ്റെ വാക്കുകളുടെ അർത്ഥം വളച്ചൊടിക്കാൻ മോദി ശ്രമിക്കുന്നത്. ഞാൻ സൂചിപ്പിച്ച ശക്തി, നമ്മൾ പോരാടുന്ന ശക്തി, ആ ശക്തിയുടെ മുഖംമൂടിയാണ് മോദി. ഇന്ന്, ഇന്ത്യയുടെ ശബ്ദം, സിബിഐ, ഐടി, ഇഡി, തെരഞ്ഞെടുപ്പ് കമ്മീഷൻ, മാധ്യമങ്ങൾ, വ്യവസായ ലോകം, ഭരണഘടനാ ഘടന എന്നിവയെ പിടിച്ചടക്കിയ ഒരു ശക്തിയാണ് അദ്ദേഹം,”രാഹുൽ പറഞ്ഞു.

രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ മോദി കൈയടക്കി വച്ചിരിക്കുന്നുവെന്ന് ആരോപിച്ച രാഹുൽ ഗാന്ധി രാജ്യത്തെ മാധ്യമങ്ങൾ സത്യത്തെ അടിച്ചമർത്തുന്നുവെന്നും കുറ്റപ്പെടുത്തി. മോദി സർക്കാർ രാജ്യത്തെ പാവപ്പെട്ടവരുടെ മേൽ ജിഎസ്ടി അടിച്ചേൽപ്പിക്കുന്നു. വിലക്കയറ്റം നിയന്ത്രിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

More Stories from this section

family-dental
witywide