അനിൽ ആന്റണിക്കു വേണ്ടി മോദി എത്തും; തിരഞ്ഞെടുപ്പ് യോഗം 17ന് പത്തനംതിട്ടയിൽ

പത്തനംതിട്ട: ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അനിൽ ആന്റണിയ്ക്കുവേണ്ടി പ്രചാരണം നടത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി പത്തനംതിട്ടയിലെത്തും. മാർച്ച് 17നാണ് പ്രധാനമന്ത്രി എത്തുക. ഈ മാസം 15ന് സി കൃഷ്ണകുമാറിനുവേണ്ടി അദ്ദേഹം പാലക്കാട്ടും എത്തുമെന്ന് നേരത്തേ അറിയിച്ചിരുന്നു.

മാര്‍ച്ച് 17-ന് രാവിലെ 10-ന് പത്തനംതിട്ട നഗരത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പ്രധാനമന്ത്രി പ്രസംഗിക്കുമെന്നാണ് അറിയുന്നത്. സമയത്തിന്റെയും വേദിയുടേയും കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തിയ ശേഷമായിരിക്കും തീരുമാനം.

15ന് പാലക്കാട്, ആലത്തൂർ എന്നീ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ നരേന്ദ്രമോദി റോഡ് ഷോ നടത്തും. പാലക്കാട് എൻഡിഎയുടെ എ പ്ലസ് മണ്ഡലമാണെന്നും വിജയ സാധ്യത കൂടുതലാണെന്നതും കണക്കിലെടുത്താണ് നീക്കം. എൻഡിഎ തിരഞ്ഞെടുപ്പ് ഓഫീസ് ആദ്യം തുറന്നത് പാലക്കാട്ടാണ്. മലമ്പുഴ, ഷൊർണൂർ, കോങ്ങാട്,പാലക്കാട് തുടങ്ങിയ മണ്ഡലങ്ങളിൽ നേതൃത്വം വലിയ വിജയം പ്രതീക്ഷിക്കുന്നുണ്ട്.