
ദില്ലി: 75 വയസുകഴിഞ്ഞാൽ രാഷ്ട്രീയത്തിൽ നിന്ന് ബി ജെ പി നേതാക്കൾ വിരമിക്കുമെന്നും അതുകൊണ്ട് നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകില്ലെന്നുമുള്ള ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പരാമർശത്തിൽ മറുപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും രംഗത്ത്. 75 വയസു കഴിഞ്ഞാൽ പദവി ഒഴിയണമെന്ന് പാർട്ടി ഭരണഘടനയിൽ എവിടെയും പറഞ്ഞിട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നാം വട്ടവും തുടരുമെന്നുമാണ് ഷാ പറഞ്ഞത്. 2024 ലെ തെരഞ്ഞെടുപ്പിൽ വിജയിച്ച് മോദി തന്നെ രാജ്യത്തെ നയിക്കുമെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു. ഇത് സംബന്ധിച്ച് ബി ജെ പിയിൽ ആശയക്കുഴപ്പമില്ലെന്നും ഇത്തവണയും ഭാവിയിലും മോദി തന്നെ തുടരുമെന്നും അമിത് ഷാ വ്യക്തമാക്കി.
കെജ്രിവാൾ ഉന്നയിക്കുന്നത് അസംബന്ധമായ ആരോപണമാണെന്നാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അഭിപ്രായപ്പെട്ടത്. മോദി മൂന്നാമതും പ്രധാനമന്ത്രിയാകുമെന്നും ബി ജെ പിയിലോ എൻ ഡി എക്കോ ഇക്കാര്യത്തിൽ സംശയമില്ലെന്നും രാജ്നാഥ് പറഞ്ഞു. ഇക്കുറിയും ബി ജെ പിയും എൻ ഡി എയും ഉജ്ജ്വല വിജയം നേടുമെന്നും പ്രതിരോധ മന്ത്രി അവകാശപ്പെട്ടു.
PM Modi wont be replaced after 75, Narendra Modi will become PM for third time says Amit Shah and Rajnath Singh