മോദിയുടെ മുസ്ലിം വിരുദ്ധ പ്രസംഗം ചർച്ചയാക്കി അന്താരാഷ്ട്ര മാധ്യമങ്ങളും; പ്രതികരിക്കാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പ്രസംഗം റിപ്പോർട്ട് ചെയ്ത് അന്താരാഷ്ട്ര മാധ്യമങ്ങൾ. ബിബിസി, സിഎൻഎൻ, ദി ഗാർഡിയൻ, സിംഗപ്പൂർ ഇന്റർനാഷണൽ മീഡിയയായ സിഎൻഎ തുടങ്ങിയ മാധ്യമങ്ങളിലെല്ലാം നരേന്ദ്ര മോദിയുടെ മുസ്ലിം വിദ്വേഷ പ്രസംഗം ഇടംപിടിച്ചു. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മിഷനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് സിഎൻഎൻ റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, സംഭവത്തിൽ മോദിക്കെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. പ്രധാനമന്ത്രിയുടെ വാക്കുകള്‍ വിദ്വേഷ പ്രസംഗമാണെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് മോദിയെ വിലക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷനോട് കോൺ​ഗ്രസ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം രാജസ്ഥാനിലാണ് മോദി വിവാദ പ്രസം​ഗം നടത്തിയത്.

കോണ്‍ഗ്രസ് അധികാരത്തിൽ എത്തിയാല്‍ ആദ്യ പരിഗണന നല്‍കുക മുസ്ലീങ്ങള്‍ക്കായിരിക്കുമെന്നും കഷ്ടപ്പെട്ട് മറ്റുള്ളവരുണ്ടാക്കിയ പണവും സ്ത്രീകളുടെ കെട്ടുതാലി പോലും കൂടുതല്‍ കുട്ടികളുണ്ടാകുന്ന, നുഴഞ്ഞു കയറ്റക്കാരായ വിഭാഗത്തിലേക്ക് പോകുമെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. കടുത്ത പ്രതിഷേധമുയര്‍ന്നതോടെ കോണ്‍ഗ്രസ് മുസ്ലീംങ്ങൾക്കായി ഒന്നും ചെയ്തിട്ടില്ലെന്നും തന്‍റെ സര്‍ക്കാരാണ് മുസ്ലീം ക്ഷേമ പദ്ധതികള്‍ നടപ്പാക്കിയിട്ടുള്ളതെന്നും തൊട്ടടുത്ത ദിവസത്തെ റാലിയില്‍ മോദി വിശദീകരിച്ചു. മുസ്ലീം ഭൂരിപക്ഷ മേഖലകളില്‍ അടുത്ത ഘട്ടം തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ നടത്തിയ മോദി നടത്തിയ പരാമര്‍ശം ബിജെപിയെ വെട്ടിലാക്കിയിരിക്കുകയാണ്.