നരേന്ദ്രമോദി രാമക്ഷേത്രത്തിൽ; യോഗി ആദിത്യനാഥിനൊപ്പം അയോധ്യയിൽ റോഡ് ഷോ

അയോധ്യ: പ്രധാനമന്ത്രി നരേന്ദ്രമോ​ദി വീണ്ടും രാമക്ഷേത്രത്തിൽ. ഫൈസാബാദിൽ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നതിന് മുമ്പായി മോദി രാമക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തി. ഇതിനു പിന്നാലെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ക്ഷേത്ര പരിസരത്ത് റോഡ് ഷോയും നടത്തി. ജനുവരി 22 ന് അയോധ്യയിൽ പ്രാണ പ്രതിഷ്ഠ നടന്നതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ ദർശനമാണിത്.

അയോധ്യ ജില്ല ഉള്‍പ്പെടുന്ന ഫൈസാബാദ് ലോക്‌സഭ മണ്ഡലത്തില്‍ മേയ് 20നാണ് വോട്ടെടുപ്പ്. രാമക്ഷേത്രത്തില്‍ പ്രാര്‍ഥനക്കുശേഷം മോദി നഗരത്തില്‍ റോഡ് ഷോ നടത്തി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഫൈസാബാദ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി ലല്ലു സിങ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ മൂന്നാം ഘട്ട പ്രചാരണത്തിൻ്റെ സമാപനത്തോടൊപ്പമായിരുന്നു മോദിയുടെ അയോധ്യ സന്ദർശനം. മൂന്നാം ഘട്ടത്തിൽ 93 ലോക്സഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അഞ്ചാം ഘട്ട വോട്ടെടുപ്പ് നടക്കുന്നന മെയ് 20നാണ് അയോധ്യയിലെ ഫൈസാബാദിൽ പോളിങ്.