സുരേഷ് ഗോപിക്കായി നരേന്ദ്ര മോദി വീണ്ടും തൃശൂരില്‍; പ്രധാനമന്ത്രിയുടെ സന്ദർശനം ഏപ്രിൽ 15ന്

തൃശ്ശൂർ: തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക്. ഏപ്രിൽ 15ന് ആയിരിക്കും പ്രധാനമന്ത്രിയുടെ സന്ദർശനം. കുന്ദംകുളത്തോ ഇരിഞ്ഞാലക്കുടയിലോ ആയിരിക്കും പ്രധാനമന്ത്രി എത്തുക. സമീപ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളും പ്രവർത്തകരും പങ്കെടുക്കുന്ന പൊതുസമ്മേളനവും റോഡ് ഷോയും ഉണ്ടാകും. കരുവന്നൂർ ബാങ്ക് ഉൾപ്പെടുന്ന മണ്ഡലമാണ് ഇരിഞ്ഞാലക്കുട.

തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് മോദി എത്തുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കരുവന്നൂര്‍ ബാങ്ക് നിക്ഷേപത്തട്ടിപ്പ് തൃശൂരില്‍ ആളിക്കത്തിക്കാനാണ് ബിജെപിയുടെ ശ്രമം. കേന്ദ്ര ഏജന്‍സികള്‍ കരുവന്നൂരില്‍ പിടി മുറുക്കുന്നതിനിടെയാണ് മോദി കരുവന്നൂരിലേക്ക് എത്തുന്നത് എന്നതും ശ്രദ്ധേയം. റോഡ്‌ ഷോയുടെ അന്തിമാനുമതിക്കാണ് പാര്‍ട്ടി ശ്രമം.

കരുവന്നൂര്‍ തട്ടിപ്പില്‍ സിപിഎമ്മിനെതിരെ പ്രതിപക്ഷം ശബ്ദിക്കുന്നില്ലെന്നും പൊതുജനങ്ങളുടെ പണം സിപിഎം കവര്‍ന്നുവെന്നും മോദിയെക്കൊണ്ട് പറയിപ്പിക്കാനാണ് ബിജെപി പദ്ധതിയിടുന്നത്. ആലത്തൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി പ്രൊഫ.ടി.എന്‍.സരസു കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് പ്രശ്നം പ്രധാനമന്ത്രിയുമായി സംസാരിക്കുന്നതിന്റെ ശബ്ദരേഖ ദേശീയ മാധ്യമങ്ങള്‍ അടക്കം പുറത്തുവിട്ടിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ബിജെപി നീക്കം.

നേരത്തെ പത്തനംതിട്ട, തിരുവനന്തപുരം, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിൽ പ്രധാനമന്ത്രി ഇതിനോടകം പ്രചാരണത്തിന് എത്തിയിരുന്നു. ബിജെപി എ ഗ്രേഡ് മണ്ഡലങ്ങളായി കണക്കാക്കുന്നവയാണ് ഈ നാല് മണ്ഡലങ്ങളും. ബിജെപിയുടെ ദക്ഷിണേന്ത്യൻ മിഷൻ്റെ കൂടി ഭാ​ഗമാണ് കേരളത്തിൽ പ്രധാനമന്ത്രിയുടെ തുട‍ർച്ചയായ സന്ദ‍ർശനം.

More Stories from this section

family-dental
witywide