ഡൽഹി: കലാപാനന്തരം ബംഗ്ലാദേശിൽ അധികാരമേറ്റ ഇടക്കാല സർക്കാറിന് ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സർക്കാരിന്റെ തലവനായി അധികാരമേറ്റ നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന് എല്ലാവിധ ആശംസകളും അറിയിക്കുന്നതായി മോദി പറഞ്ഞു. പ്രതിസന്ധികളെല്ലാം മാറി ബംഗ്ലാദേശ് സാധാരണ ഗതിയിലേക്ക് വേഗം എത്തുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യത്തെ ഹിന്ദുക്കളുടെയും മറ്റ് ന്യൂനപക്ഷ സമുദായങ്ങളുടെയും സുരക്ഷയ്ക്കും സംരക്ഷണത്തിനും ഉറപ്പ് നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും നരേന്ദ്രമോദി കൂട്ടിച്ചേർത്തു. ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് പ്രധാനമന്ത്രി ഈ കാര്യം അറിയിച്ചത്.
‘പ്രൊഫസർ മുഹമ്മദ് യൂനുസിന് പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തതിന് ആശംസകൾ നേരുന്നു. പ്രതിസന്ധികളെല്ലാം മാറി ബംഗ്ലാദേശ് സാധാരണ ഗതിയിലേക്ക് വേഗം എത്തുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ രാജ്യത്തെ ഹിന്ദുക്കളുടെയും മറ്റ് ന്യൂനപക്ഷ സമുദായങ്ങളുടെയും സുരക്ഷയ്ക്കും സംരക്ഷണത്തിനും ഉറപ്പ് നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. രണ്ട് രാജ്യത്തെിന്റെയും സമാധാനത്തിനും സുരക്ഷയ്ക്കും വികസനത്തിനും വേണ്ടി ബംഗ്ലാദേശുമായി ചേർന്ന് പ്രവർത്തിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.’
ഇടക്കാല സർക്കാരിനെ നയിക്കാൻ ഇന്നലെയാണ് മുഹമ്മദ് യൂനുസ് ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിൻ്റെ തലവനായി അധികാരമേറ്റത്. രാജ്യം മുഴുവൻ അലയടിച്ച പ്രക്ഷോഭത്തിന് പിന്നാലെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ഷെയ്ഖ് ഹസീന രാജിവെക്കുകയും പലായനം ചെയ്യുകയും ചെയ്തതോടെയാണ് ഇടക്കാല സർക്കാറിനെ തിരഞ്ഞെടുത്തത്. പ്രസിഡൻ്റ് മുഹമ്മദ് ഷഹാബുദ്ദീനാണ് നിർണായക ചർച്ചകൾക്കെടുവിൽ ഇടക്കാല സര്‍ക്കാരിനെ നയിക്കാന്‍ മുഹമ്മദ് യൂനുസിനെ തിരഞ്ഞെടുത്തത്.















