പത്തനംതിട്ടയിലെ വാഹനാപകടത്തിൽ ദുരൂഹത; ട്രാവലര്‍ തടഞ്ഞുനിര്‍ത്തി അനുജയെ കാറില്‍ കയറ്റി, കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറ്റി

പത്തനംതിട്ട: പത്തനംതിട്ടയിലെ അടൂരില്‍ രണ്ടുപേര്‍ മരിച്ച വാഹനാപകടത്തില്‍ ദുരൂഹത. അപകടത്തില്‍പ്പെട്ട കാര്‍ ടാങ്കര്‍ ലോറിയിലേക്ക് ഇടിച്ചു കയറ്റിയതാണോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. അപകടത്തില്‍ കാറിലുണ്ടായിരുന്ന രണ്ടുപേരാണ് മരിച്ചത്.

കാര്‍ യാത്രക്കാരായ നൂറനാട് സ്വദേശിനി അനുജ (36), ചാരുംമൂട് സ്വദേശി ഹാഷിം (35) എന്നിവരാണ് മരിച്ചത്. സഹഅധ്യാപര്‍ക്കൊപ്പം തിരുവനന്തപുരത്ത് വിനോദയാത്ര പോയിരിക്കുകയായിരുന്നു അനുജ. ടൂര്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന അനുജയെ ഹാഷിം വാഹനം തടഞ്ഞ് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.

അനുജയും ഹാഷിമും അടുത്തസുഹൃത്തുക്കളായിരുന്നു എന്നാണ് വിവരം. വ്യാഴാഴ്ച രാത്രി പത്തരയോടെ അടൂരില്‍നിന്ന് പത്തനാപുരത്തേക്കുള്ള വഴിയിലാണ് അപകടം. ഹാഷിമും അനുജയും തമ്മിലുള്ള സൗഹൃദം ബന്ധുക്കള്‍ അറിയുകയും അത് പിന്നീട് കുടുംബപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു.

ഇരുവരും സഞ്ചരിച്ചിരുന്ന കാര്‍ പത്തനാപുരം ഭാഗത്തുനിന്നാണ് വന്നത്. ഈ കാര്‍, എതിര്‍ദിശയില്‍നിന്ന് വരികയായിരുന്ന ലോറിയിലേക്ക് അമിതവേഗത്തില്‍ ഇടിച്ചു കയറ്റുകയായിരുന്നു. കാര്‍ ഓടിച്ചിരുന്നത് ഹാഷിം ആയിരുന്നു. മുന്‍സീറ്റില്‍ ഇരുന്നിരുന്ന അനുജ, ഇടിയുടെ ആഘാതത്തില്‍ പിന്‍സീറ്റിലേക്ക് തെറിച്ചുവീണു.