‘യുവനടിയെ ചെറുപ്രായത്തിൽ പീഡിപ്പിച്ചു’, സിദ്ദിഖിനെതിരായ ആരോപണം ഗുരുതരം; കേസെടുക്കാൻ നീക്കമെന്ന് സൂചന

കൊച്ചി: താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറിയും നടനുമായ സിദ്ദിഖിനെതിരായ നടി രേവതി സമ്പത്തിന്‍റെ ആരോപണങ്ങളിൽ കേസെടുത്തേക്കുമെന്ന് സൂചന. സിനിമ മോഹിച്ചെത്തിയ യുവനടിയെ ചെറുപ്രായത്തിൽ പീഡിപ്പിച്ചെന്ന ആരോപണം അതീവ ഗുരുതരമാണെന്ന വിലയിരുത്തലിലാണ് കേസെടുക്കുമെന്ന സൂചനകളും പുറത്തുവരുന്നത്. നടി പരാതി നൽകുകയാണെങ്കിൽ സിദ്ദിഖിനെതിരെ കേസെടുക്കുമെന്നുമാണ് വിവരം.

രേവതിയുടെ ആരോപണം ഇങ്ങനെ

സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയെന്ന് നടി 2019 ൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരുന്നു. അന്ന് വലിയ ചർച്ചയായെങ്കിലും പിന്നീട് കെട്ടടങ്ങിയിരുന്നു. ഇപ്പോൾ ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെയും സംവിധായകൻ രഞ്ജിത്തിനെതിരായ നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്‍റെയും പശ്ചാത്തലത്തിലാണ് രേവതി കൂടുതൽ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.സിനിമ മോഹവുമായെത്തിയ തനിക്ക് ചെറിയ പ്രായത്തിലാണ് സിദ്ദിഖിൽ നിന്ന് ദുരനുഭവം ഉണ്ടായതെന്നും നടി തുറന്നുപറഞ്ഞു. സിദ്ദിഖ് തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും പീഡിപ്പിച്ചെന്നും നടി വ്യക്തമാക്കി. പ്ലസ് ടു കഴിഞ്ഞു നിൽക്കുന്ന സമയത്തായിരുന്നു സംഭവമെന്നും രേവതി വിവരിച്ചു. ഒരു സിനിമ പ്രോജക്റ്റ് ഉണ്ടെന്നും, സംസാരിക്കാമെന്നും പറഞ്ഞാണ് വിളിച്ചു വരുത്തിയതെന്നും ശേഷമായിരുന്നു മോശം അനുഭവമുണ്ടായതെന്നും നടി പറഞ്ഞു. പീഡന അനുഭവം തുറന്നു പറഞ്ഞതിന് സിനിമ മേഖലയിൽ നിന്നും തന്നെ മാറ്റി നിർത്തിയെന്നും രേവതി ആരോപിച്ചു.ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കാര്യങ്ങളെ ക്രിമിനൽ ആക്റ്റിവിറ്റി എന്നു പറഞ്ഞ സിദ്ദിഖ് അങ്ങനെയെങ്കിൽ ക്രിമിനൽ അല്ലേയെന്നും നടി ചോദിച്ചു. നിയമനടപടിയെന്നല്ല ഇനിയൊന്നിനുമില്ല. അത്രത്തോളം ജീവിതത്തിൽ അനുഭവിച്ചു. തനിക്ക് മാത്രമല്ല തന്റെ സുഹൃത്തുക്കൾക്കും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ഉന്നതരായ പലരിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് സുഹൃത്തുക്കൾ പങ്കുവെച്ചിട്ടുണ്ടെന്നും നടി വെളിപ്പെടുത്തി. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വലിയ പ്രതീക്ഷയുണ്ടെന്നും തുടർനടപടി എന്താകും എന്നതിലാണ് കാര്യമെന്നും നടി കൂട്ടിച്ചേർത്തു. സർക്കാർ ഈ വിഷയത്തിന് വലിയ പ്രാധാന്യം നൽകണമെന്നും രേവതി ആവശ്യപ്പെട്ടു.

More Stories from this section

family-dental
witywide