
പത്തനംതിട്ട: പതിനെട്ടാം പടിയിൽ പൊലീസുകാർ നടത്തിയ ഫോട്ടോഷൂട്ടിന് പിന്നാലെ ശബരിമലയിൽ വിവാദം കത്തുന്നു. ഡ്യൂട്ടിക്ക് ശേഷം ആദ്യ ബാച്ചിലെ പൊലീസുകാരാണ് പതിനെട്ടാം പടിയിൽ നിന്ന് ഫോട്ടോ എടുത്തത്. ഫോട്ടോ സോഷ്യൽ മീഡിയയിൽ അടക്കം പ്രചരിച്ചതോടെയാണ് വിവാദമായത്. പൊലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോഷൂട്ടിനെതിരെ കേരള ഹൈക്കോടതിയടക്കം രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം സംബവങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
സന്നിധാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനം പ്രശംസനീയമാണ്. എന്നാൽ, ഇത്തരം നടപടികൾ അനുവദനീയമല്ല. ശബരിമല തിരുമുറ്റത്തും സോപാനത്തിലുമുള്ള മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള വീഡിയോ ചിത്രീകരണം സംബന്ധിച്ച് എക്സിക്യുട്ടീവ് ഓഫീസർ റിപ്പോർട് നൽകണമെന്നും ദേവസ്വം ബെഞ്ച് നിർദേശിച്ചു. അതിനിടെ സംഭവത്തിൽ സന്നിധാനം സ്‌പെഷ്യൽ ഓഫീസറോട് എഡിജിപി റിപ്പോർട്ട് തേടുകയും ചെയ്തു.
നേരത്തെ പൊലീസുകാരുടെ ഫോട്ടോ ഷൂട്ടിനെതിരെ വിശ്വഹിന്ദു പരിഷത്തടക്കം വിമർശനവുമായി രംഗത്തെത്തിയിരുന്നു. അയ്യപ്പ വിശ്വാസികൾ പരിപാവനമായി കരുതുന്നതാണ് പതിനെട്ടാം പടി. മേൽശാന്തി ഉൾപ്പെടെയുള്ളവർ പതിനെട്ടാം പടിയിലൂടെ അയ്യപ്പനെ തൊഴുത് പിറകോട്ടാണ് ഇറങ്ങുന്നത്. പതിനെട്ടാംപടിയുടെ ആചാരം അതായിരിക്കെ അയ്യപ്പനെ പുറംതിരിഞ്ഞ് നിന്ന് ഫോട്ടോഷൂട്ട് നടത്താൻ അയ്യപ്പ വിശ്വാസികളായ ആർക്കും കഴിയില്ലെന്ന് വിശ്വഹിന്ദു പരിഷത്ത് കേരള ഘടകം അഭിപ്രായപ്പെട്ടു. പൊലീസ് ഉദ്യോസ്ഥർക്ക് ഇതിന് ഒത്താശ നൽകിയതിൽ ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പിയും ജനറൽ സെക്രട്ടറി വി ആർ രാജശേഖരനും പറഞ്ഞു.