‘ഓം പ്രകാശിനെ അറിയില്ല, ലഹരി ഉപയോഗിച്ചിട്ടില്ല’, പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ മൊഴി നൽകി ശ്രീനാഥ്‌ ഭാസിയും പ്രയാഗയും, വിട്ടയച്ചു

കൊച്ചി: ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസിൽ നടൻ ശ്രീനാഥ്‌ ഭാസിയെയും പ്രയാഗ മാർട്ടിനെയും പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. ഓം പ്രകാശ് കൊച്ചിയിൽ നടത്തിയ ലഹരി പാ‍ർട്ടിയിൽ പങ്കെടുത്തതായി സംശയിച്ചാണ് യുവതാരങ്ങളെ പൊലീസ് ചോദ്യം ചെയ്തത്. ഓം പ്രകാശിനെ അറിയില്ല എന്നും ലഹരി ഉപയോഗിച്ചിട്ടില്ലെന്നുമാണ് ശ്രീനാഥ്‌ ഭാസിയും പ്രയാഗയും പൊലീസിന് മൊഴി നൽകിയത്.

താൻ ലഹരി ഉപയോഗിച്ചിട്ടില്ല എന്നും സുഹൃത്ത് ബിനു തോമസ് വഴിയാണ് ആ മുറിയിൽ എത്തിയതെന്നുമാണ് ശ്രീനാഥ് ഭാസി പൊലീസിനോട് പറഞ്ഞത്. ബിനു തോമസിനെ നേരത്തെ തന്നെ അറിയാം. ബിനുവുമായയി സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നതായും ഭാസി സമ്മതിച്ചിട്ടുണ്ട്. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ നിഷേധിച്ച പ്രയാഗ, ഓം പ്രകാശിനെ അറിയില്ലെന്നും ലഹരി ഉപയോഗിച്ചിട്ടില്ലെന്നുമാണ് അന്വേഷണ സംഘത്തോട് പറ‌ഞ്ഞത്.

രാവിലെ. 11.40 നാണ് ശ്രീനാഥ്‌ ഭാസി അഭിഭാഷകനൊപ്പം മരട് പൊലീസ് സ്റ്റേഷനിൽ എത്തിയത്. എറണാകുളം എ സി പിയുടെ നേതൃത്വത്തിൽ നാലര മണിക്കൂർ നടനെ ചോദ്യം ചെയ്തു. മരട് സ്റ്റേഷനിൽ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യൽ പൂർത്തിയാക്കി ഉദ്യോഗസ്ഥർ കൊച്ചി സൗത്ത് സ്റ്റേഷനിലെത്തി. വൈകീട്ട് 5 മണിയോടെ ഇവിടെ അന്വേഷണ സംഘത്തിന് മുൻപാകെ പ്രയാഗ മാർട്ടിനും എത്തി.

ലഹരി പാർട്ടി നടന്നതായി സംശയിക്കുന്ന ദിവസം കൊച്ചിയിലെ സപ്ത നക്ഷത്ര ഹോട്ടലിലെ സി സി ടി വിയിൽ യുവതാരങ്ങളെ കണ്ടതോടെയാണ് പൊലീസ് ഇരുവർക്കുമെതിരെ അന്വേഷണം തുടങ്ങിയത്. സംഭവ ദിവസം പുലർച്ചെ ഓം പ്രകാശിന്റെ മുറിയിൽ താരങ്ങളെത്തിയെന്ന് സൂചന കിട്ടിയതോടെ ലഹരികേസിലെ റിമാൻഡ് റിപ്പോർട്ടിലടക്കം പൊലീസ് ഇവരെ ഉൾപ്പെടുത്തി. ഈ സമയത്ത് ഇവിടെ എത്തിയതിന്റെ കാരണങ്ങളിൽ താരങ്ങൾ നൽകിയ മൊഴിൽ പൊലീസിന് ചില സംശയങ്ങളുണ്ട്. ഹോട്ടൽ മുറിയിലെ ഫോറെൻസിക്ക് റിപ്പോർട്ട് കിട്ടിയ ശേഷം കൂടുതൽ പരിശോധനകൾക്കാണ് പൊലീസ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ഇരുപതോളം പേരെയും പൊലീസ് നിരീക്ഷണത്തിലാക്കി മൊഴിയെടുത്തിട്ടുണ്ട്. കൂടുതൽ തെളിവുകൾ ശേഖരിച്ച് ഓം പ്രകാശിന്റെ ജാമ്യം റദ്ദാക്കാനുള്ള ശ്രമങ്ങളിലാണ് കൊച്ചി പൊലീസ്.

More Stories from this section

family-dental
witywide