
കൊച്ചി: കുസാറ്റില്‍ ടെക്‌ഫെസ്റ്റിനിടെയുണ്ടായ ദുരന്തത്തില്‍ നാലു പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ കോളേജ് മുന്‍ പ്രിന്‍സിപ്പാളിനെയും അധ്യാപകരെയും പ്രതിചേര്‍ത്ത് പൊലീസ്. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. സംഭവ സമയം സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ് പ്രിന്‍സിപ്പല്‍ ആയിരുന്ന ഡോ. ദീപക് കുമാര്‍ സാഹു, ടെക് ഫെസ്റ്റ് കണ്‍വീനര്‍മാരും അധ്യാപകരുമായ ഡോ. ഗിരീഷ് കുമാരന്‍ തമ്പി, ഡോ. എന്‍ ബിജു എന്നിവര്‍ക്കെതിരെയാണ് 304 എ വകുപ്പ് ചുമത്തിയത്.
പരിപാടി നടത്തി പരിചയമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് നടത്തിപ്പ് ചുമതല നല്‍കി എന്നതാണ് ഇവര്‍ക്കു മേല്‍ ചുമത്തിയ കുറ്റം. സംഭവത്തിന് പിന്നാലെ ഡോ. ദീപക് കുമാര്‍ സാഹുവിനെ സ്ഥലം മാറ്റിയിരുന്നു. അതേസമയം പോലീസ് സഹായം ആവശ്യപ്പെട്ടുള്ള പ്രിന്‍സിപ്പാലിന്റെ കത്ത് പോലീസിന് കൈമാറാതിരുന്ന രജിസ്ട്രാര്‍ ഓഫീസിനെ കേസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രജിസ്ട്രാര്‍ ഓഫീസിന്റെ വീഴ്ച പരിശോധിക്കുമെന്നും കൂടുതല്‍ പേരെ പ്രതി ചേര്‍ത്തേക്കുമെന്നുമാണ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.
കുസാറ്റില്‍ നവംബര്‍ 25നാണ് ടെക്‌ഫെസ്റ്റിനിടെ അനിയന്ത്രിതമായ തിരക്കില്‍ ആളുകള്‍ നിലത്തുവീഴുകയും മരണം വരെ സംഭവിക്കുകയും ചെയ്തത്. ദുരന്തത്തില്‍ നാല് പേരാണ് മരിച്ചത്. 64 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള ഫെസ്റ്റ് നടക്കാനിരിക്കെ മഴ പെയ്തതോടെ ആളുകള്‍ വേദിയിലേക്ക് ഇരച്ചുകയറുകയും തിക്കിലും തിരക്കിലും പെട്ട് അപകടമുണ്ടാകുകയുമായിരുന്നു.












