
പാല: പാലാ പൂവരണിയില്‍ ഭാര്യയേയും മൂന്ന് മക്കളെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വീടിനുള്ളില്‍ കട്ടിലില്‍ രക്തം വാര്‍ന്ന നിലയിലായിരുന്നു അകലകുന്നം ഞണ്ടുപാറ സ്വദേശി ജയ്‌സണ്‍ തോമസിന്റെ ഭാര്യയുടെ മൃതദേഹം. കുഞ്ഞുങ്ങളുടെതാകട്ടെ ശ്വാസംമുട്ടി മരിച്ച നിലയിലും . ജയ്‌സന്റെ മൃതദേഹം തൂങ്ങിമരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.
ഉരുളികുന്നം ഞണ്ടുപാറ സ്വദേശി കുടിലിപ്പറമ്പില്‍ ജെയ്‌സണ്‍ തോമസ് (42), ഭാര്യ മെറീന (28) മക്കളായ ജെറാള്‍ഡ് (4), ജെറീന (2), ജെറില്‍ (7 മാസം) എന്നിവരാണ് മരിച്ചത്.
പൂവരണി കൊച്ചുകൊട്ടാരം ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്ന ഇവരുടെ വീട്ടില്‍ നിന്നും മൂന്ന് കത്തുകള്‍ കണ്ടെടുത്തിട്ടുണ്ട്. കണ്ടെത്തിയ മൂന്നു കത്തുകളിലും മരണകാരണത്തെക്കുറിച്ച് വിവരമൊന്നുമില്ല. എന്നാല്‍ നാട്ടുകാരെക്കൂട്ടിയേ അകത്ത് കടക്കാവൂ എന്ന് ആദ്യത്തെ കത്തില്‍ സഹോദരനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പിന്നീട് കണ്ടെത്തിയ കത്തില്‍ വീട് വാടകയ്ക്ക് നല്‍കിയ വീട്ടുടമയ്ക്കുള്ള ചില നിര്‍ദേശങ്ങളായിരുന്നു ഉണ്ടായിരുന്നത്.
ഇന്ന് രാവിലെയാണ് കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഭാര്യയേയും മക്കളെയും കൊലപ്പെടുത്തി ജയ്‌സണ്‍ ആത്മഹത്യ ചെയ്തതായാണ് പ്രാഥമിക നിഗമനം.
ഇവര്‍ ഉരുളികുന്നം സ്വദേശികളാണ്. ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറായിരുന്നു ജെയ്സന്‍. ഇന്നു രാവിലെ ഏഴു മണിയോടെ ജെയ്‌സന്‍ മൂത്ത സഹോദരനെ ഫോണില്‍ വിളിച്ചിരുന്നു. വാടകവീട് മാറണമെന്നും സാധനങ്ങള്‍ മാറ്റാന്‍ സഹായിക്കണമെന്നും അഭ്യര്‍ഥിച്ചായിരുന്നു ഫോണ്‍വിളി. തുടര്‍ന്ന് സഹോദരന്‍ എത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്.
അഞ്ചു പേരുടെയും മൃതസംസ്‌കാരം ഉരുളികുന്നം സെന്റ് ജോര്‍ജ് പള്ളിയില്‍ നടത്തി.












