
തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ പള്ളിയുടെ ഇമാം നസറുദ്ദീൻ ഉമറും, ഫ്രാൻസിസ് മാർപാപ്പയും സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ആഹ്വാനം ചെയ്തു. ഇന്തൊനീഷ്യയിലെ ഇസ്തിഖ്‌ലാൽ മോസ്കും പരിശുദ്ധ സ്വർഗാരോപിത മാതാവിന്റെ കത്തീഡ്രലും തമ്മിൽ ബന്ധിപ്പിക്കുന്ന സൗഹൃദ ടണലിന്റെ (ടണൽ ഓഫ് ഫ്രണ്ട്‌ഷിപ്) കവാടത്തിൽ നിന്ന് ഇരുവരും മറ്റു മതനേതാക്കളെ സ്വീകരിച്ചു. വെളിച്ചത്തിലേക്കുള്ള തുരങ്കമെന്നാണ് ഇതിനെ മാർപാപ്പ വിശേഷിപ്പിച്ചത്.
ഇന്തോനേഷ്യയിൽ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടുള്ള ഇസ്ലാം, ബുദ്ധമതം, കൺഫ്യൂഷ്യനിസം, ഹിന്ദുമതം, കത്തോലിക്കാ മതം, പ്രൊട്ടസ്റ്റൻ്റിസം എന്നീ ആറ് മതങ്ങളുടെ പ്രതിനിധികൾക്കൊപ്പം സമ്മേളനത്തിനായി ഫ്രാൻസിസ് മാർപാപ്പ ജക്കാർത്തയിലെ ഐതിഹാസികമായ ഇസ്തിഖ്ലാൽ പള്ളിയിലേക്ക് യാത്രയായി.
സംഘർഷങ്ങൾക്കു തിരികൊളുത്താൻ മതത്തെ ഉപയോഗിക്കുന്നതിനെതിരേ മാർപാപ്പയും ഇമാം നസറുദ്ദീൻ ഉമറും ഒരുമിച്ചു മുന്നറിയിപ്പു നൽകി. മാനവരാശിക്കായി മതസൗഹാർദം’ എന്ന പ്രഖ്യാപനത്തിൽ ഇരുവരും ഒപ്പിട്ടു. തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ മുസ്‌ലിം പള്ളിയാണ് ഇസ്തിഖ്‌ലാൽ. ലോകമെങ്ങും വ്യാപകമായ അക്രമത്തിനും സംഘർഷങ്ങൾക്കും മതത്തെ ഇന്ധനമാക്കുന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് പ്രഖ്യാപനം പറയുന്നു. എല്ലാ മനുഷ്യരുടെയും അന്തസ്സ് പരിരക്ഷിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ളതാകണം മതമെന്നും പ്രഖ്യാപനം അഭിപ്രായപ്പെട്ടു.
ജക്കാർത്തയിലെ സ്റ്റേഡിയത്തിൽ മാർപാപ്പ അർപ്പിച്ച കുർബാനയിൽ ഒരുലക്ഷം വിശ്വാസികൾ പങ്കെടുത്തു. തുറന്ന വാഹനത്തിൽ സ്റ്റേഡിയത്തിലെത്തിയ മാർപാപ്പയെ ജനം ആവേശപൂർവം സ്വീകരിച്ചു.