മാർപാപ്പയുടെ 12 ദിന ഏഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം; വീൽ ചെയറിൽ സന്ദർശിക്കുക 4 രാജ്യങ്ങൾ

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ 12 ദിന ഏഷ്യ-പസഫിക് പര്യടനത്തിന് ഇന്ന് തുടക്കം. മാർപാപ്പയായി ചുമതലയേറ്റ ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയതും വെല്ലുവിളി നിറഞ്ഞതുമായ സന്ദർശനമായിരിക്കുമിത്. ഇന്തൊനീഷ്യ, പാപുവ ന്യൂഗിനി, കിഴക്കൻ തൈമൂർ, സിംഗപ്പൂർ എന്നീ നാല് രാജ്യങ്ങൾ, ആഗോള കത്തോലിക്കാ സഭയുടെ തലവൻ സന്ദശിക്കും. 2020ൽ നിശ്ചയിച്ചിരുന്ന യാത്ര കോവിഡ് മൂലം മാറ്റിവയ്ക്കുകയായിരുന്നു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ 1989 ൽ ഈ നാലു രാജ്യങ്ങൾ സന്ദർശിച്ചിരുന്നു.

ഡിസംബറിൽ 88 വയസ് തികയുന്ന മാർപാപ്പ, വീൽ ചെയറിലായിരിക്കും സഞ്ചരിക്കുക. 32,814 കിലോമീറ്ററാണ് അദ്ദേഹത്തിന് താണ്ടേണ്ടത്. ഇന്നു മുതൽ 13 വരെയാണ് സന്ദർശനം. മെഡിക്കൽ സംഘവും ഒപ്പമുണ്ടാകും. യാത്രയിൽ നാല് രാജ്യങ്ങളിലായി 16 പ്രഭാഷണങ്ങളും എണ്ണമറ്റ യോഗങ്ങളളും ചടങ്ങുകളുമാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്.

നാളെ ഇന്തൊനീഷ്യയിലെത്തുന്ന മാർപാപ്പ ഗ്രാൻഡ് ഇമാം നസറുദീൻ ഉമറിനൊപ്പം മധ്യ ജക്കാർത്തയിലെ ഇസ്തിക്‌ലൽ മോസ്കും കത്തോലിക്കാ കത്തീഡ്രലും തമ്മിൽ ബന്ധിപ്പിക്കുന്ന തുരങ്കത്തിലൂടെ സഞ്ചരിക്കും. പ്രസിഡന്റ് ജോക്കോ വിഡോഡോയുമായി കൂടിക്കാഴ്ച നടത്തുകയും ജക്കാർത്ത സ്റ്റേഡിയത്തിൽ പൊതുകുർബാന അർപ്പിക്കുകയും ചെയ്യും.

പിന്നീട് ദക്ഷിണേഷ്യാ സർവമത സമ്മേളനത്തിലും പങ്കെടുക്കും. പാപുവ ന്യൂഗിനിയിൽ ഏറ്റവും ദരിദ്രമായ വനിമോ പട്ടണം മാർപാപ്പ സന്ദർശിക്കുന്നുണ്ട്. 2002ൽ സ്വതന്ത്ര രാജ്യമായ കിഴക്കൻ തൈമൂർ അധിനിവേശ കാലത്തിന്റെ ദുരിതങ്ങളിൽ നിന്ന് ഇന്നും മോചിതരല്ല. 1989ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ സന്ദർശിച്ചപ്പോൾ കുർബാന അർപ്പിച്ച ടാസി ടോളിയിലെ അതേ വേദിയിൽ ഫ്രാൻസിസ് മാർപാപ്പയും കുർബാന അർപ്പിക്കും.

More Stories from this section

family-dental
witywide