
രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പാണ് യുകെയിലെ ഹാരി പോട്ടർ ആൻഡ് ദ ഫിലോസഫേഴ്‌സ് സ്റ്റോണിന്റെ ആദ്യ പതിപ്പ് ബ്ലൂംസ്ബറി പ്രസിദ്ധീകരിച്ചത്. അതിനുശേഷം, വട്ടക്കണ്ണടവെച്ച് ഹോഗ്‍വാർട്‌സ് എക്സ്‍പ്രസിൽ കയറാൻ നിൽക്കുന്ന, നെറ്റിയിൽ മിന്നൽപിണറിന്റെ ചിഹ്നമുള്ള പയ്യൻ ലോകത്തിന്റെ ഹീറോയായി. ഇപ്പോഴിതാ പുസ്തകത്തിൻ്റെ ആദ്യ പതിപ്പിൻ്റെ യഥാർത്ഥ ജലച്ചായ ചിത്രം ലേലത്തിൽ വമ്പൻ തുകയ്ക്ക് വിറ്റു പോയിരിക്കുന്നു. യുഎസില്‍ നടന്ന ലേലത്തില്‍ ചിത്രത്തിന് കിട്ടിയത് 19 ലക്ഷം ഡോളര്‍ (15.85 കോടി രൂപ). ജെ.കെ. റോളിങ്ങിന്റെ ഹാരി പോട്ടര്‍ നോവലുകളുമായി ബന്ധപ്പെട്ട ഏതെങ്കിലും കലാസൃഷ്ടി ഇത്രയും ഉയര്‍ന്ന തുകയ്ക്ക് വിറ്റുപോകുന്നത് ആദ്യമാണ്.
ലണ്ടനിലെ ലേലസ്ഥാപനമായ സദബീസാണ് ബുധനാഴ്ച ചിത്രം ലേലത്തിനെത്തിച്ചത്. ജെ.കെ. റൗളിങ്ങിന്റെ ഹാരിപോട്ടർ സീരീസിലെ ആദ്യ പുസ്തകമാണ് 1997 ജൂൺ 27-ന് പുറത്തിറങ്ങിയ ‘ഫിലോസഫേഴ്‌സ് സ്റ്റോൺ’. അതേസമയം, ചിത്രം ലേലത്തിൽ സ്വന്തമാക്കിയ വ്യക്തിയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.
ഇംഗ്ലീഷ് ചിത്രകാരനും ബാലസാഹിത്യകാരനുമായ തോമസ് ടെയ്‌ലറാണ് ചിത്രത്തിന്റെ സ്രഷ്ടാവ്. കേംബ്രിജിലെ ബുക്ക്സ്റ്റോറിൽ ജോലിചെയ്യുകയായിരുന്ന തോമസിനെ പ്രസാധകർ കവർചിത്രം വരയ്ക്കാൻ ഏൽപ്പിക്കുകയായിരുന്നു. ചിത്രം വരയ്ക്കുമ്പോൾ തോമസിന് പ്രായം 23. പുസ്തകത്തിന്റെ കയ്യെഴുത്തുപ്രതി ആദ്യം വായിച്ചവരിലൊരാൾ കൂടിയാണ് അദ്ദേഹം. ഹാരിപോട്ടറിന്റെ രൂപം വായനക്കാരുടെ മനസ്സിൽ വരച്ചിടാൻ തോമസിന്റെ ചിത്രത്തിനായി.