
പൂനെ: പ്രശസ്ത ശാസ്ത്രീയ സംഗീതജ്ഞ പ്രഭാ അത്രെ അന്തരിച്ചു. 92 വയസ്സായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ പൂനെയിലെ വീട്ടില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഹൃദയാഘാതം അനുഭവപ്പെട്ട ഉടനെതന്നെ പൂനെയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചെ അഞ്ചരയോടെ മരിച്ചു. സംസ്‌കാര ചടങ്ങുകള്‍ പിന്നീട് നടക്കും.
രാജ്യം പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ ബഹുമതികള്‍ നല്‍കി ആദരിച്ചിട്ടുള്ള പ്രതിഭയാണ് പ്രഭ അത്രെ. 1932 സെപ്തംബര്‍ 13നാണ് ജനനം. ശാസ്ത്ര-നിയമ ബിരുദധാരിയായിരുന്ന പ്രഭാ അത്രെ സംഗീതത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ശാസ്ത്രീയ സംഗീതജ്ഞ എന്നതിലുപരി, ഗവേഷക, എഴുത്തുകാരി എന്നീ നിലകളിലും അത്രെ ശ്രദ്ധേയയായിരുന്നു.










