
ന്യൂഡൽഹി: ലൈംഗികപീഡനക്കേസില്‍ പ്രതിയായ ഹാസന്‍ എംപി പ്രജ്വല്‍ രേവണ്ണ ബെംഗളൂരുവിലെത്തി കീഴടങ്ങുമെന്ന് റിപ്പോർട്ട്. ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് റദ്ദാക്കാനുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ നീക്കത്തിന് പിന്നാലെയാണ് തീരുമാനം. പ്രജ്വല്‍ നാട്ടിലേക്ക് തിരികെ ടിക്കറ്റ് ബുക്ക് ചെയ്തതായാണ് സൂചന. വീഡിയോ സന്ദേശത്തിലൂടെ പ്രജ്വലാണ് കീഴടങ്ങൽ വിവരം അറിയിച്ചത്.
“ജുഡീഷ്യറിയിൽ എനിക്ക് വിശ്വാസമുണ്ട്. 31 ന് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമി(എസ് ഐടി) ന് മുന്നിലെത്തും. അന്വേഷണവുമായി സഹകരിക്കും. എനിക്കെതിരെ കള്ളക്കേസുകളാണ് ചുമത്തിയിട്ടുള്ളത്,” പ്രജ്വൽ രേവണ്ണ വീഡിയോ സന്ദേശത്തിൽ പറയുന്നു.
മാതാപിതാക്കളോട് മാപ്പ് പറയുന്നു. തനിക്ക് വിഷാദരോഗം ബാധിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ തനിക്കെതിരെ കേസില്ല. വിദേശയാത്ര മുൻകൂട്ടി തീരുമാനിച്ചിരുന്നു. യാത്രയ്ക്കിടെയാണ് ആരോപണങ്ങൾ അറിഞ്ഞത്. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. തനിക്കെതിരെയുള്ള ആരോപണങ്ങളെ രാഷ്ട്രീയ ഗൂഢാലോചന എന്ന് വിളിച്ച പ്രജ്വൽ രേവണ്ണ താൻ എവിടെയാണെന്ന് വെളിപ്പെടുത്താത്തതിന് ജെഡിഎസ് നേതൃത്വത്തോടും പാർട്ടി പ്രവർത്തകരോടും ക്ഷമ ചോദിക്കുകയും ചെയ്തു.