പ്രജ്വല്‍ രേവണ്ണ കേസ്: ബി.ജെ.പി നേതാവ് അറസ്റ്റില്‍

ന്യൂഡല്‍ഹി: ഹാസന്‍ ജെഡി(എസ്) എംപി പ്രജ്വല്‍ രേവണ്ണയുടേതെന്ന് ആരോപിക്കപ്പെടുന്ന വിവാദ ലൈംഗിക പീഡന വീഡിയോയുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് അറസ്റ്റില്‍. അഭിഭാഷകനും ബിജെപി നേതാവുമായ ജി ദേവരാജെ ഗൗഡയെയാണ് വെള്ളിയാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. ചിത്രദുര്‍ഗ ജില്ലയിലെ ഹിരിയൂര്‍ പോലീസ് ഗുലിഹാള്‍ ടോള്‍ ഗേറ്റില്‍ വച്ച് ദേവരാജെ ഗൗഡയെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം. ഹാസന്‍ പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്.

രേവണ്ണ നിരവധി സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് ബി.ജെ.പി നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കിയതും പ്രജ്വലിന് ലോക്സഭാ ടിക്കറ്റ് നല്‍കരുതെന്ന് പാര്‍ട്ടിക്ക് മുന്നറിയിപ്പ് നല്‍കിയതും ദേവരാജായിരുന്നു എന്നത് ശ്രദ്ധേയമാണ്. തന്റെ സ്വത്ത് വില്‍ക്കാന്‍ സഹായിച്ചെന്ന വ്യാജേന പത്ത് മാസത്തോളം ഗൗഡ തന്നെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ഒരു സ്ത്രീയാണ് ഗൗഡയ്ക്കെതിരെ പരാതി നല്‍കിയത്. കൂടാതെ, ഗൗഡ തങ്ങളുടെ വീട്ടില്‍ അതിക്രമിച്ചു കയറുകയും ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തെന്ന് ആരോപിച്ച് യുവതിയുടെ ഭര്‍ത്താവും ഗൗഡയ്ക്കെതിരെ പരാതി നല്‍കി.

കഴിഞ്ഞ 10 മാസമായി ഗൗഡ യുവതിയെ ശല്യം ചെയ്യുകയായിരുന്നുവെന്ന് എഫ്‌ഐആറില്‍ പറയുന്നു. ഇയാള്‍ യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയും തന്നെയും ഭര്‍ത്താവിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഏപ്രില്‍ 26 ന് നടക്കുന്ന കര്‍ണാടകയിലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിന് മുന്നോടിയായാണ് മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ ചെറുമകന്‍ പ്രജ്വല്‍ ഉള്‍പ്പെട്ട നിരവധി അസ്ലീല വീഡിയോകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ഇതേത്തുടര്‍ന്ന് പ്രജ്വല്‍ ഒളിവിലാണ്. ഇയാള്‍ക്കെതിരെ ഇന്റര്‍പോള്‍ ‘ബ്ലൂ കോര്‍ണര്‍’ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ബലാത്സംഗം, പീഡനം, ഭീഷണിപ്പെടുത്തല്‍, ബ്ലാക്ക്മെയിലിംഗ് തുടങ്ങിയ കുറ്റങ്ങള്‍ ഉള്‍പ്പെടെ മൂന്ന് എഫ്‌ഐആറുകളാണ് പ്രജ്വലിനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മൂന്ന് കുട്ടികളുടെ അമ്മയായ സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രജ്വലിന്റെ പിതാവ് എച്ച്ഡി രേവണ്ണ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.

Prajwal Revanna case: BJP leader arrested

More Stories from this section

family-dental
witywide