ദേവഗൗഡയുടെ മകൻ രേവണ്ണയ്ക്കും ചെറുമകൻ പ്രജ്വലിനുമെതിരെ ലൈംഗികാരോപണം; ജോലിക്കാരെ വീട്ടിൽവച്ച് പീഡിപ്പിച്ചു

ബെംഗളൂരു: ജെഡി(എസ്) എംപിയും ഹസ്സൻ നിയോജകമണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ പ്രജ്വൽ രേവണ്ണയ്ക്കെതിരായ ലൈംഗിക പീഡനാരോപണത്തിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് കർണാടക സർക്കാർ. നിരവധി സ്ത്രീകൾ ഉൾപ്പെട്ട ലൈംഗികാരോപണത്തിൽ പ്രജ്വലിന്റെയും പിതാവ് എച്ച്ഡി രേവണ്ണയുടെയും പങ്ക് അന്വേഷിക്കുമെന്ന് സർക്കാർ അറിയിച്ചു.

മറ്റ് സ്ത്രീകൾ അവർ നേരിട്ട പീഡനങ്ങള്‍ വിവരിക്കുന്ന വീഡിയോ കണ്ടതിന് പിന്നാലെയാണ് താന്‍ പരാതിയുമായി മുന്നോട്ടു വന്ന് അച്ഛന്റെയും മകന്റെയും പേര് വെളിപ്പെടുത്താന്‍ തയ്യാറായതെന്ന് പരാതിക്കാരി പറഞ്ഞു. ജോലിക്ക് ചേര്‍ന്ന് നാലാം മാസംമുതല്‍ പ്രജ്വല്‍ തന്നെ ക്വാര്‍ട്ടേഴ്സിലേക്ക് വിളിപ്പിക്കാന്‍ തുടങ്ങിയെന്നും എച്ച്.ഡി രേവണ്ണയും പ്രജ്വലും വനിതാ ജോലിക്കാരെവീട്ടില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നും അതിജീവിത ആരോപിച്ചു. 2019നും 2022നും ഇടയിലാണ് പീഡനം നടന്നതെന്ന് അവർ ആരോപിക്കുന്നു.

പ്രജ്വൽ രാജ്യം വിട്ട് ജർമ്മനിയിലേക്ക് പോയെന്നാണ് സൂചന. കര്‍ണാടക ജെ.ഡി.എസ്. അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡയുടെ കൊച്ചുമകനാണ് പ്രജ്വല്‍. പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് ആരോപിച്ച് അദ്ദേഹം പരാതി നൽകിയിട്ടുണ്ട്. വീഡിയോ മോര്‍ഫ് ചെയ്തതാണെന്നും തന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താനും വോട്ടര്‍മാരുടെ മനസില്‍ വിഷം കുത്തിവെക്കാനുമാണ് വീഡിയോ പ്രചരിപ്പിക്കുന്നതെന്നുമാണ് പ്രജ്വല്‍ പരാതിയിൽ പറയുന്നത്. അന്വേഷണത്തിനായി പ്രത്യേക സംഘം രൂപവത്കരിക്കാന്‍ തീരുമാനിച്ചതായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചതിന് പിന്നാലെയാണ് പ്രജ്വല്‍ പരാതി നല്‍കിയത്.