ലൈംഗികാതിക്രമ കേസില്‍ പ്രജ്വല്‍ രേവണ്ണയെ ആറ് ദിവസത്തെ എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

ബെംഗളൂരു: ഒന്നിലധികം സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ ജെഡിഎസ് എംപി പ്രജ്വല് രേവണ്ണയെ ബംഗളൂരു കോടതി 6 ദിവസത്തെ എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു. ചോദ്യം ചെയ്യലിനായി പ്രജ്വല് രേവണ്ണയെ 14 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് എസ്‌ഐടി ആവശ്യപ്പെട്ടിരുന്നു. പ്രജ്വല് രേവണ്ണ ജൂണ്‍ ആറ് വരെ എസ്‌ഐടി കസ്റ്റഡിയില്‍ തുടരും.

ലൈംഗികാതിക്രമ ആരോപണങ്ങള്‍ നേരിടുന്ന പ്രജ്വല്‍ രേവണ്ണ, ജര്‍മ്മനിയില്‍ നിന്ന് മടങ്ങിയെത്തിയപ്പോള്‍ വെള്ളിയാഴ്ച പുലര്‍ച്ചെ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. നിരവധി സ്ത്രീകളെ ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിരവധി വീഡിയോ ക്ലിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ പ്രജ്വല്‍ രാജ്യം വിടുകയായിരുന്നു. തുടര്‍ന്ന് ഒരു മാസത്തിനിപ്പുറമാണ് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്.