
ബെഗളൂരു: പീഡന പരാതിയില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട ജെഡിഎസ് നേതാവും കര്‍ണാടക എംപിയുമായ പ്രജ്വല്‍ രേവണ്ണ ഒളിവുജീവിതം മതിയാക്കി ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നു. മെയ് 30 ന് ജര്‍മ്മനിയിലെ മ്യൂണിക്കില്‍ നിന്നാണ് പ്രജ്വല്‍ ബെംഗളൂരുവിലേക്ക് എത്തുകയെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. മെയ് 31 ന് പുലര്‍ച്ചെ പ്രജ്വല്‍ ബെംഗളൂരുവില്‍ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ അന്വേഷണ സംഘത്തിലെ (എസ്‌ഐടി) ഉദ്യോഗസ്ഥര്‍ കെമ്പഗൗഡ വിമാനത്താവളത്തില്‍ നിരീക്ഷണം തുടരുകയാണ്. വിമാനമിറങ്ങിയാലുടന്‍ അറസ്റ്റ് ചെയ്യാനാണ് നീക്കം.
സി.ബി.ഐ മുഖേനയുള്ള എസ്.ഐ.ടിയുടെ അപേക്ഷയെ തുടര്‍ന്നാണ് ഇയാളുടെ താമസസ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങള്‍ തേടി ഇന്റര്‍പോള്‍ ‘ബ്ലൂ കോര്‍ണര്‍’ നോട്ടീസ് പുറപ്പെടുവിച്ചത്. അതേസമയം, പ്രജ്വല്‍ ജര്‍മ്മനിയില്‍ നിന്നുള്ള തന്റെ വിമാന ടിക്കറ്റ് നേരത്തെ രണ്ടുതവണ റദ്ദാക്കിയതായും വിവരമുണ്ട്.
ഹാസന്‍ ലോക്സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ പ്രജ്വല്‍ നിരവധി സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്തതായും ഇതുമായി ബന്ധപ്പെട്ട വീഡിയോ ക്ലിപ്പുകള്‍ കര്‍ണാടകയില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെയുമാണ് ഇയാള്‍ രാജ്യം വിട്ടത്. രണ്ട് ബലാത്സംഗക്കേസുകളാണ് പ്രജ്വലിനെതിരെ ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മെയ് 31 ന് അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകുമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും വ്യക്തമാക്കി ഈ ആഴ്ച ആദ്യം പ്രജ്വല്‍ രേവണ്ണ ഒരു വീഡിയോ സന്ദേശം പുറത്തിറക്കിയിരുന്നു. തനിക്കെതിരായ കേസുകള്‍ വ്യാജമാണെന്നും പ്രജ്വല്‍ ആവര്‍ത്തിച്ചു. ഇന്ത്യയില്‍ തിരിച്ചെത്തി അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട് മുത്തച്ഛനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്ഡി ദേവഗൗഡ താക്കീത് നല്‍കി ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രജ്വല്‍ വീഡിയോയുമായി എത്തിയത്.









