‘പ്രണവിന് സ്പെയിനിലെ ഏതോ ഫാമിൽ ജോലിയുണ്ട്, ശമ്പളമില്ല, ആടിനെയോ കുതിരയെയോ നോക്കുകയാകും’: അപ്പുവിന് മോഹൻലാൽ ആകാനാകില്ലല്ലോയെന്നും സുചിത്ര

പ്രണവ് മോഹൻലാലിന്‍റെ യാത്രാപ്രേമം മലയാളികൾക്ക് സുപരിചിതമാണ്. ഇടയ്‌ക്ക് ഒരു സിനിമ ചെയ്യുന്നുണ്ടെങ്കിലും മലകയറ്റവും യാത്രയും നടത്തുന്ന പ്രണവിന്‍റെ വീഡിയോകളാണ് അതിലുമേറെ കാണാനാകുക. ഇപ്പോഴികാ അമ്മ സുചിത്ര മോഹൻലാൽ മകനെ കുറിച്ചുള്ള ആഗ്രഹങ്ങളും വെളിപ്പെടുത്തലുകളുനായി രംഗത്തെത്തിയിരിക്കുകയാണ്. പ്രണവ് വർഷത്തിൽ രണ്ടു സിനിമകളെങ്കിലും ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നാണ് സുചിത്ര പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുചിത്ര ഇക്കാര്യം പറഞ്ഞത്.

പ്രണവിന്‍റെ സിനിമയുടെ കഥകൾ താൻ കേൾക്കുമെങ്കിലും അവസാനം തിരഞ്ഞെടുക്കുന്നത് പ്രണവ് തന്നെയാണെന്ന് സുചിത്ര വിവരിച്ചു. ഇപ്പോൾ സ്പെയിനിലെ ഏതോ ഒരു ഫാമിൽ ‘വർക്ക് എവേ’യിലാണ് മകനെന്നും സുചിത്ര വെളിപ്പെടുത്തി.‘എല്ലാവരും പറയും, ഞാൻ പറഞ്ഞാലെ അവൻ കേൾക്കുള്ളൂ എന്ന്. സത്യത്തിൽ ഞാൻ പറഞ്ഞാലും അവൻ കേൾക്കില്ല. അവന് അവന്റേതായ ഒരു തീരുമാനം ഉണ്ട്. അപ്പുവിന് അങ്ങനെ വാശിയൊന്നുമില്ല. നമ്മൾ എന്തൊക്കെ പറഞ്ഞാലും, അവന് തോന്നുന്നതേ അവൻ ചെയ്യൂ. സിനിമയും അങ്ങനെയാണ്.

പ്രണവ് തുടങ്ങിയട്ടല്ലേ ഉള്ളൂ. എന്നാലും എല്ലാവരും അവനെ താരതമ്യം ചെയ്യും. അച്ഛന്റെ ഏഴയലത്ത് ഇല്ല എന്നൊക്കെ പറയും. അപ്പുവിന് മോഹൻലാൽ ആകാൻ പറ്റില്ലല്ലോ. എനിക്കു കഥ കേൾക്കാൻ ഇഷ്ടമുള്ളതു കൊണ്ട് ഞാൻ കഥ കേൾക്കും. എങ്കിലും, അവസാന തിരഞ്ഞെടുപ്പ് അപ്പുവിന്റേതാണ്.ഇപ്പോൾ പ്രണവ് സ്പെയിനിലാണ്. ‘വർക്ക് എവേ’ എന്നാണ് അവൻ ഇതിനെ വിളിക്കുന്നത്. സ്പെയിനിൽ എവിടെയോ പോയി ജോലി ചെയ്യുകയാണ് അപ്പു. പൈസ ഒന്നും കിട്ടില്ല. താമസവും ഭക്ഷണവും ഉണ്ട്. അവിടെ പോയി ജോലി ചെയ്യുന്നത് ചിലപ്പോൾ അവിടത്തെ കുതിരകളെ പരിപാലിക്കുന്നതാകും, അല്ലെങ്കിൽ ആട്ടിൻകുട്ടികളെ നോക്കുന്നതാകും. അങ്ങനെ എന്തെങ്കിലും ജോലികളാകും മകൻ ചെയ്യുന്നതെന്നും സുചിത്ര വിവരിച്ചു.

More Stories from this section

family-dental
witywide