
അനില്‍ സാജു വര്‍ഗീസ്
ലണ്ടൻ: യുകെയിൽ വിസ തട്ടിപ്പ് ഉള്‍പ്പടെ വിവിധ മേഖലകളിൽ ചതിക്കപ്പെട്ട് ജീവിതം വഴിമുട്ടിയവര്‍ ഒരുപാടാണ്. യുകെയിലെ നല്ല ജീവിതം സ്വപ്‍നം കണ്ട് ഉള്ളതെല്ലാം വിറ്റു പെറുക്കി എത്തിയവരിൽ പലരും ഇന്ന് ഒരുനേരത്തെ ഭക്ഷണം പോലും ലഭിക്കാതെ ഓരോ ദിനവും തള്ളി നീക്കുന്നു. നാട്ടിലെ വലിയ ബാധ്യത ഭയന്നാണ് പലരും മടങ്ങി പോകാൻ തയ്യാറാകാത്തത്. നിയമ വഴിയിലൂടെ മുടക്കിയ പണത്തിന്റെ നിശ്ചിത ശതമാനം എങ്കിലും തിരികെ കിട്ടിയാൽ പലർക്കും ആശ്വാസമാകും. ഇങ്ങനെ ചതിക്കപ്പെട്ടവർക്ക് ആശ്വാസകിരണമാവുകയാണ് പ്രവാസി ലീഗൽ സെൽ യുകെ ചാപ്റ്റർ. ഇന്ത്യൻ സുപ്രീം കോടതിയിലെ അഡ്വക്കേറ്റ് ഓൺ റെക്കോർഡും സംഘടനയുടെ ഗ്ലോബൽ പ്രസിഡന്റുമായ ജോസ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം നിയമവിദഗ്ദരാണ് നിയമോപദേശം നൽകാൻ രംഗത്തുള്ളത്.

മലയാളികൾക്ക് വേണ്ടി മാത്രമല്ല യുകെയിൽ എത്തി തട്ടിപ്പിനിരയായ ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ടിയാണ് സംഘടന പ്രവർത്തിക്കുന്നതെന്ന് യുകെ ചാപ്റ്റർ പ്രസിഡന്റ് അഡ്വ സോണിയ സണ്ണി പറഞ്ഞു. പ്രവാസികളിൽ നിയമാവബോധം ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്. പ്രശ്‌നങ്ങൾ പരിഹരിക്കാൻ ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളാണ് സംഘടന ആവിഷ്കരിക്കുന്നതെന്നും സോണിയ വ്യക്തമാക്കി.

സുരക്ഷിതമായ കുടിയേറ്റം എന്ന ആശയത്തിൽ ഊന്നിയാണ് സംഘടനയുടെ പ്രവർത്തനം. പ്രവാസി ലീഗൽ സെൽ യുകെ ചാപ്റ്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ് കഴിഞ്ഞ നവംബറിൽ ലണ്ടനിൽ വെച്ച് നടത്തിയിരുന്നു.
പ്രവർത്തനം ആരംഭിച്ച് ഇതിനോടകം നിരവധി വിഷയങ്ങളിൽ സംഘടനക്ക് ഇടപെടാൻ സാധിച്ചു. അതിൽ ഏറ്റവും പ്രധാന്യമർഹിക്കുന്നത് ബ്രിട്ടനിൽ തൊഴിൽ തട്ടിപ്പിനിരയായ നേഴ്സുമാരുടെ പ്രശ്നങ്ങളിൽ ക്രിയാത്മക ഇടപെടൽ നടത്താൻ കഴിഞ്ഞതായിരുന്നു. ലീഗൽ സെൽ നൽകിയ പരാതിയിൽ കേന്ദ്ര സർക്കാരും വിഷയത്തിൽ ഇടപെട്ടു. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷനിൽ നേരിട്ടെത്തിയും സംഘടനാ പ്രതിനിധികൾ ചർച്ച നടത്തി. പ്രവാസി സമൂഹത്തിന് നിയമപരമായ പിന്തുണ, മാർഗ്ഗനിർദേശം, അവബോധം എന്നിവ നൽകുന്നതിനാണ് യു.കെ ചാപ്റ്റർ ലക്ഷ്യമിടുന്നത്.

കെയർ ഹോമുകളുടെ മറവിൽ നിരവധി പേരാണ് വിസ തട്ടിപ്പിന് നിലവിൽ ഇരകളാകുന്നത്. ജീവിതം വഴിമുട്ടി നിൽക്കുന്നവർക്ക് വഴികാട്ടിയാകാൻ പ്രവാസി ലീഗൽ സെൽ യുകെ ചാപ്റ്റർ ഒരുക്കമാണ്. ഇത്തരത്തിൽ തട്ടിപ്പിനിരയായവർക്ക് മാത്രമല്ല ഇന്ത്യൻ പൗരന്മാരുടെ ഏതു തരത്തിലുള്ള നിയമകുരുക്കുകളും പ്രശ്നങ്ങളും സംഘടനയെ അറിയിക്കാം. സംഘടനയുടെ ഫോണ്‍നമ്പറും ഈമെയില്‍ വിലാസവും താഴെ കൊടുക്കുന്നു.
ഫോൺ : +44 7780398384
ഇ മെയിൽ : Pravasilegalcelluk@gmail.com
Pravasi legal cell UK Chapter in UK to help Non resident Indians















