ഹോ എന്തൊരു ക്രൂരത, പിസ ഡെലിവറി ചെയ്തപ്പോൾ 2 ഡോളർ ടിപ്പ് നൽകിയത് പിടിച്ചില്ല! ഫ്ലോറിഡയിൽ യുവതിയെ 14 തവണ കുത്തിവീഴ്ത്തി ഡെലിവറി ഗേൾ

ഫ്ലോറിഡ: പിസ ഡെലിവറി ചെയ്തപ്പോൾ നൽകിയ ടിപ്പിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഡെലിവറി ഗേൾ, ​ഗർഭിണിയായ യുവതിയെ കുത്തിവീഴ്ത്തി. ഫ്ലോറിഡയിൽ നിന്നാണ് ഏവരെയും നടുക്കുന്ന വാർത്ത പുറത്തുവന്നത്. ഗർഭിണിയായ യുവതിയുടെ മുറിയിലേക്ക് അതിക്രമിച്ച് കയറിയാണ് ഡെലിവറി ഗേൾ, ഇവരെ നിരവധി തവണ കുത്തിയത്. ആക്രമണം നടത്തിയ ബ്രിയാന അൽവെലോ എന്ന 22 കാരിയെ ഫ്ലോറിഡ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് ഡോളർ മാത്രമേ ടിപ്പ് നൽകിയുള്ളു എന്നതാണ് ആക്രമണത്തിന് കാരണമെന്നാണ് വ്യക്തമാകുന്നത്.

ഫ്ലോറിഡയിലെ കിസ്സിമ്മീയിൽ ഭർത്താവിനും 5 വയസുള്ള മകൾക്കുമൊപ്പം ജന്മദിനം ആഘോഷിക്കാനായാണ് ഗർഭിണിയായ യുവതി എത്തിയത്. ഇവിടുത്തെ ഒരു റെസ്റ്റോറൻ്റിൽ നിന്ന് ഇവർ ഒരു പിസ്സ ഓർഡർ ചെയ്തിരുന്നു. ഡെലിവറി ചെയ്ത അൽവെലോ എന്ന യുവതിക്ക് ഇവർ 2 ഡോളർ ടിപ്പും നൽകി മടക്കി അയച്ചു. എന്നാൽ ടിപ്പ് കൊടുത്തത് കുറഞ്ഞുപോയതിൽ പ്രകോപിതയായ അൽവെലോ, കുറച്ച് സമയം കഴിഞ്ഞ് മറ്റൊരാളുമായി തിരികെയെത്തിയാണ് ആക്രമണം നടത്തിയത്. 14 തവണ കുത്തിയതായാണ് റിപ്പോർട്ട്.

പരിക്കേറ്റ യുവതിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് യുവതി ഗർഭിണിയാണെന്ന് അറിയുന്നത്. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അൽവെലോയ്‌ക്കൊപ്പം ഉണ്ടായിരുന്ന ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അൽവെലോയുടെ കയ്യിൽ കത്തിയും ഒപ്പമുണ്ടായിരുന്ന വ്യക്തിയുടെ പക്കൽ തോക്കുമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.

More Stories from this section

family-dental
witywide