എഡിഎം നവീന്‍ ബാബു ക്രമക്കേട് നടത്തിയിട്ടില്ലെന്ന് പ്രാഥമിക കണ്ടെത്തല്‍: ‘പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കല്‍ മനപ്പൂര്‍വ്വം വൈകിപ്പിച്ചില്ല’

കണ്ണൂര്‍: യാത്ര അയയ്പ്പു സമ്മേളനത്തിനിടെ അഴിമതി ആരോപണത്തിനിരയായതിനെ തുടര്‍ന്ന് മനംനൊന്ത് ആത്മഹത്യ ചെയ്ത എഡിഎം നവീന്‍ ബാബു ക്രമക്കേട് നടത്തിയിട്ടില്ലെന്ന് പ്രാഥമിക കണ്ടെത്തല്‍. പെട്രോള്‍ പമ്പിന് എന്‍ ഒ സി (എതിര്‍പ്പില്ലാരേഖ) നല്‍കുന്നതുമായി ബന്ധപ്പെട്ട ഫയല്‍ നവീന്‍ ബാബു വച്ചു താമസിപ്പിച്ചിട്ടില്ലെന്ന് റവന്യൂ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്.

എ ഡി എം കൈക്കൂലി വാങ്ങിയെന്നതിന് യാതൊരു തെളിവുമില്ലെന്നും റോഡിന് വളവുണ്ടെന്ന പൊലീസ് റിപ്പോര്‍ട്ട് കാരണമായിരുന്നു ടൗണ്‍പ്ലാനിംഗ് റിപ്പോര്‍ട്ട് തേടിയതെന്നും ഫയല്‍ ബോധപൂര്‍വം വൈകിപ്പിച്ചതിനോ കൈക്കൂലി വാങ്ങിയതിനോ തെളിവില്ലെന്നും ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണത്തില്‍ കണ്ടെത്തി. നവീന്‍ ബാബുവിന്റെ മരണം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് നിര്‍ണായക കണ്ടെത്തല്‍ പുറത്തുവരുന്നത്.