
ന്യൂഡൽഹി: രാജ്യത്തെ പ്രധാന അന്വേഷണ ഏജൻസികളുടെ പ്രവർത്തനങ്ങൾ വളരെ സങ്കുചിതമാകുന്നുവെന്നും രാജ്യസുരക്ഷയും രാജ്യത്തിനെതിരായ കുറ്റകൃത്യങ്ങളും ഉൾപ്പെടുന്ന കേസുകളിൽ അവർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. സാങ്കേതികവിദ്യയിലെ കുതിച്ചുചാട്ടം കുറ്റകൃത്യങ്ങളുടെ സ്വഭാവത്തെ മാറ്റിമറിച്ചുവെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
“അഴിമതി വിരുദ്ധ അന്വേഷണ ഏജൻസി എന്നതിനപ്പുറം വിവിധ തരത്തിലുള്ള ക്രിമിനൽ കേസുകൾ പരിശോധിക്കാൻ സിബിഐയോട് കൂടുതൽ ആവശ്യങ്ങളുണ്ടാകുന്നു. നമ്മുടെ പ്രധാന അന്വേഷണ ഏജൻസികൾ വളരെ സങ്കുചിതമായി മാറിയെന്ന് എനിക്ക് തോന്നുന്നു. ദേശീയ സുരക്ഷയും രാജ്യത്തിന് എതിരായ സാമ്പത്തിക കുറ്റകൃത്യങ്ങളും സംബന്ധിച്ച കുറ്റകൃത്യങ്ങളിൽ മാത്രമേ അവർ ശ്രദ്ധ കേന്ദ്രീകരിക്കാവൂ,” ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
എഫ്‌ഐആര്‍ മുതലുള്ള രേഖകള്‍ ഡിജിറ്റൈസ് ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേസുകളുടെ എണ്ണം കണക്കിലെടുത്ത് കാലതാമസം കുറയ്ക്കുന്നതിന് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. ഘടനാപരമായ പരിഷ്‌കാരങ്ങള്‍ നടത്തി അന്വേഷണ ഏജന്‍സിയെ നവീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.









