
ബാൾട്ടിമോറിൽ ഉടൻ തന്നെ സർക്കാർ പുതിയ പാലം നിർമിക്കുമെന്ന് പ്രസിഡൻ്റ് ജോ ബൈഡൻ. മുഴുവൻ ചെലവും സർക്കാർ വഹിക്കും. കോൺഗ്രസ് അംഗങ്ങൾ ഇതു മനസ്സിലാക്കുമെന്ന് കരുതുന്നായി പ്രസിഡൻ്റ് പറഞ്ഞു. സിംഗപ്പൂർ ആസ്ഥാനമായ ചരക്കുകപ്പൽ തട്ടി ബാൾട്ടിമോർ പാലം തകർന്ന അപകടത്തെ കുറിച്ച് രാജ്യത്തോട് സംസാരിക്കുകയായിരുന്നു പ്രസിഡൻ്റ്.
അപകടത്തിന് കാരണമായ ചരക്ക് കപ്പലിൻ്റെ ഉടമസ്ഥതയിലുള്ള കമ്പനി അറ്റകുറ്റപ്പണികളുടെ ചെലവിന് ഉത്തരവാദികളാണോ എന്ന ഒരു റിപ്പോർട്ടറുടെ ചോദ്യത്തിന് : “അതായിരിക്കാം, പക്ഷേ അതിനായി ഞങ്ങൾ കാത്തിരിക്കാൻ പോകുന്നില്ല”. എന്നായിരുന്നു മറുപടി. ദിവസം നാൽപ്പതിനായിരത്തോളം വാഹനങ്ങൾ കടന്നു പോകുന്ന പാലമാണ് തകർന്നത്
ഏറ്റവും മുൻഗണന നദിയിൽ വീണവരെ കണ്ടെത്താൻ തന്നെയാണ്. അതിനായി എല്ലാവിധത്തിലും പരിശ്രമിക്കുന്നുണ്ട്. താൻ വേഗം തന്നെ ബാൾട്ടിമോർ സന്ദർശിക്കുമെന്നും ബൈഡൻ പറഞ്ഞു. ആറു പേരെ കണ്ടെത്താനുണ്ട്. ചിലപ്പോൾ ആ സംഖ്യയിൽ മാറ്റം വന്നേക്കാം അദ്ദേഹം പറഞ്ഞു. കപ്പലിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി കപ്പൽ ജീവനക്കാർ മെരിലാൻഡ് ട്രാൻസ്പോർട്ട് ഡിപ്പാർട്മെൻ്റിനെ അറിയിച്ചിരുന്നു. അതുകൊണ്ട് കപ്പൽ ഇടിക്കും മുമ്പ് തന്നെ പാലം അടച്ചിടാൻ ആയി. അതിനാൽ ഒരുപാട് ജീവനുകൾ രക്ഷിക്കാനായെന്നും പ്രസിഡൻ്റ് പറഞ്ഞു
അപകടത്തെ തുടർന്ന് തടസ്സപ്പെട്ട കപ്പൽ പാത തുറക്കാനായി ശ്രമം ആരംഭിച്ചെന്നും തകർന്ന പാലത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ സൈന്യം രംഗത്തുണ്ടെന്നും ബൈഡൻ പറഞ്ഞു. ആർമിയിലെഎഞ്ചിനീയർമാർ ചാനൽ ക്ലിയർ ചെയ്യാനുള്ള ശ്രമത്തിന് നേതൃത്വം നൽകുന്നുണ്ട്. യുഎസിലെ ഏറ്റവും തിരക്കേറിയ തുറമുഖങ്ങളിലൊന്നായ ഈ തുറമുഖം വഴിയുള്ള ഷിപ്പിംഗ് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
“ബാൾട്ടിമോർ തുറമുഖം, രാജ്യത്തെ ഏറ്റവും വലിയ ഷിപ്പിംഗ് ഹബ്ബുകളിലൊന്നാണ്.കഴിഞ്ഞ വർഷം ഈ തുറമുഖം വഴി റെക്കോർഡ് ചരക്ക് നീക്കം നടന്നു . വാഹന ഇറക്കുമതിയിലും കയറ്റുമതിയിലും അടക്കം അമേരിക്കയിലെ ഏറ്റവും മികച്ച തുറമുഖം കൂടിയാണിത്. ഓരോ വർഷവും 800,000 കപ്പലുകൾ ആ തുറമുഖത്തിലൂടെ കടന്നുപോകുന്നു. 15,000 ജോലിക്കാർ ആ തുറമുഖത്തെ ആശ്രയിച്ചിരിക്കുന്നു, അവരെ സംരക്ഷിക്കാൻ ഞങ്ങളാൽ കഴിയുന്നതെല്ലാം ഞങ്ങൾ ചെയ്യാൻ പോകുന്നു” ബൈഡൻ പറഞ്ഞു.
പാലം തകർച്ചയെ “ഭയങ്കരമായ ഒരു സംഭവം” എന്ന് വിശേഷിപ്പിച്ച അദ്ദേഹം, തൻ്റെ സ്വന്തം സംസ്ഥാനമായ ഡെലവെയറിൽ നിന്ന് യാത്ര ചെയ്യുമ്പോൾ താൻ ഫ്രാൻസിസ് സ്കോട്ട് കീ പാലത്തിന് മുകളിലൂടെ “പല തവണ” പോയിട്ടുണ്ടെന്ന കാര്യവും പങ്കുവച്ചു. പാലം അപകടം ഞെട്ടിക്കുന്ന സംഭവമാണെന്നും ബാൾട്ടിമോറിലെ ജനങ്ങൾക്ക് ഒപ്പം ഉണ്ടാകുമെന്നും ബൈഡൻ ആവർത്തിച്ച് വ്യക്തമാക്കി.
President Biden Addresses Nation on Baltimore Bridge Accident