“വിദേശ വിദ്വേഷം പുലർത്തുന്നു” ഇന്ത്യയുടെ കുടിയേറ്റ നയത്തെ വിമർശിച്ച് ജോ ബൈഡൻ

കുടിയേറ്റക്കാരെ സ്വാഗതം ചെയ്യാത്ത ജപ്പാനെയും ഇന്ത്യയെയും വിമർശിച്ച്   പ്രസിഡണ്ട് ജോ ബൈഡൻ. ഒരു തിരഞ്ഞെടുപ്പ് ധനസമാഹരണ സമ്മേളനത്തിൽ, യുഎസിൻ്റെ സാമ്പത്തിക സാഹചര്യങ്ങൾ വിശദീകരിക്കുമ്പോഴായിരുന്നു ഈ പരമാർശം. ജപ്പാനും ഇന്ത്യയും വിദേശ വിദ്വേഷം പുലർത്തുന്നു എന്നായിരുന്നു ബൈഡൻ്റെ പ്രസ്താവന. ചൈനയുടേയും റഷ്യയുടേയും സമാനമായ കുടിയേറ്റ നയമാണെന്നും എന്നാൽ അമേരിക്ക അങ്ങനെയല്ല എന്നുമാണ് ബൈഡൻ വിശദീകരിച്ചത്. 

 ബൈഡൻ്റെ ഫണ്ട് റെയ്സിങ് പരിപാടിയിൽ പങ്കെടുത്തിരുന്നവരിൽ ഭൂരിപക്ഷവും ഏഷ്യൻ –  അമേരിക്കക്കാരായിരുന്നു.  “അമേരിക്കൻ സമ്പദ്‌വ്യവസ്ഥ നിങ്ങൾ കാരണം അഭിവൃദ്ധി പ്രാപിക്കുന്നു. എന്തുകൊണ്ട്? കാരണം ഞങ്ങൾ കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുന്നു, നോക്കൂ, എന്തുകൊണ്ടാണ് ചൈന സാമ്പത്തികമായി മുരടിക്കുന്നത്? എന്തുകൊണ്ടാണ് ജപ്പാൻ പ്രശ്‌നങ്ങൾ നേരിടുന്നത്? എന്തുകൊണ്ടാണ് റഷ്യ? എന്തുകൊണ്ടാണ് ഇന്ത്യ? കാരണം അവർ വിദേശ വിദ്വേഷികളാണ്. അവർക്ക് കുടിയേറ്റക്കാരെ ആവശ്യമില്ല.” ബൈഡൻ പറഞ്ഞു.“കുടിയേറ്റക്കാരാണ് ഞങ്ങളെ ശക്തരാക്കുന്നത്. തമാശയല്ല. അതിശയോക്തിയുമല്ല, കാരണം ഇവിടെ ജീവിക്കാൻ ആഗ്രഹിക്കുന്ന,തങ്ങളുടെ സേവനം യുഎസിന് നൽകാൻ ആഗ്രഹിക്കുന്ന തൊഴിലാളികളുടെ ഒരു കുത്തൊഴുക്ക് ഇവിടെയുണ്ട്. വരാനിരിക്കുന്ന യുഎസ് തിരഞ്ഞെടുപ്പ് “സ്വാതന്ത്ര്യം, അമേരിക്ക, ജനാധിപത്യം” എന്നീ വിഷയത്തെ അധികരിച്ചായിരിക്കുമെന്നും ബൈഡൻ പറഞ്ഞു.

യുഎസിൻ്റെ നിർണായക സഖ്യകക്ഷിയാണ് ജപ്പാൻ. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നായ ഇന്ത്യ, യുഎസിനെ സംബന്ധിച്ച്  ഇന്തോ-പസഫിക്കിലെ ഒരു സുപ്രധാന പങ്കാളിയാണ്.

ബൈഡൻ്റെ പ്രസ്താവന വന്ന് മണിക്കൂറുകൾക്കുള്ളിൽതന്നെ വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറിയുടെ പ്രസ്താവനയും വന്നു. യുഎസിൻ്റെ  സഖ്യകക്ഷികൾക്കും പങ്കാളികൾക്കും  പ്രസിഡൻ്റ്  ബൈഡൻ  തങ്ങളെ എത്രമാത്രം ബഹുമാനിക്കുന്നുവെന്ന് നന്നായി അറിയാം. അമേരിക്കയുടെ കുടിയേറ്റ പാരമ്പര്യത്തിൽ   നിന്നു ലഭിച്ച ശക്തിയെ പറ്റി വിശാലമായ അർഥത്തിലാണ് പ്രസിഡൻ്റ് സംസാരിച്ചത്  – കരീൻ ജീൻ പിയറി വ്യക്തമാക്കി. 

President Joe Biden Calls India Xenophobic