ന്യൂയോർക്ക്: അമേരിക്കയെ ഞെട്ടിക്കുന്ന തീരുമാനം പ്രഖ്യാപിച്ച് ജോ ബൈഡൻ. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്നും പിന്മാറിയതായാണ് ജോ ബൈഡൻ പ്രഖ്യാപിച്ചത്. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം ആയ എക്സിലൂടെയാണ് ബൈഡൻ ഇക്കാര്യം അറിയിച്ചത്. അമേരിക്കൻ പ്രസിഡന്റ് ആയി പ്രവർത്തിക്കുന്നതിലെ നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞുകൊണ്ടാണ് ബൈഡൻ പിൻവാങ്ങൽ പ്രഖ്യാപിച്ചത്. തന്റെ രാഷ്ട്രീയ വിരമിക്കൽ കൂടിയാണ് അമേരിക്കൻ പ്രസിഡന്റ് നടത്തിയിരിക്കുന്നത്.
പാർട്ടിയുടേയും രാജ്യത്തിന്റേയും താത്പര്യം മുൻനിർത്തിയാണ് തീരുമാനമെന്ന് പറഞ്ഞുകൊണ്ടാണ് ജോ ബൈഡൻ ഇക്കാര്യം പ്രഖ്യാപിച്ചത്. റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപുമായി ജൂണിൽ നടന്ന സംവാദത്തിലെ ദുർബലമായ പ്രകടനത്തെ തുടർന്ന് സ്ഥാനാർഥിത്വത്തിൽനിന്ന് പിന്മാറാൻ ജോ ബൈഡനുമേൽ പാർട്ടിയിൽനിന്ന് വലിയ സമ്മർദ്ദമുണ്ടായിരുന്നു. മുൻ പ്രസിഡന്റ് ബരാക്ക് ഒബാമ അടക്കം ബൈഡൻ പിന്മാറുന്നതാണ് നല്ലതെന്ന അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. പാർട്ടിയിലെ എതിർപ്പ് ശക്തമായതോടെയാണ് ബൈഡൻ പിന്മാറ്റം പ്രഖ്യാപിച്ചത്. ബൈഡൻ പിന്മാറിയതോടെ വൈസ് പ്രസിഡന്റ് കമല ഹാരിസാകും ഡമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി എന്ന സൂചനകൾ പുറത്ത് വന്നിട്ടുണ്ട്.















