ഇന്ത്യയിലെ ആദ്യ അണ്ടര്‍വാട്ടര്‍ മെട്രോ പ്രധാനമന്ത്രി നാളെ കൊല്‍ക്കത്തയില്‍ ഉദ്ഘാടനം ചെയ്യും

ന്യൂഡല്‍ഹി: വെള്ളത്തിനടിയിലൂടെ നിര്‍മിച്ച ഇന്ത്യയിലെ ആദ്യത്തെ മെട്രോ ടണല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉദ്ഘാടനം ചെയ്യും. കൊല്‍ക്കത്തയില്‍ ഉദ്ഘാടനം ചെയ്യുന്ന മെട്രോ ടണല്‍ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിലെ നിര്‍ണായക നാഴികക്കല്ലാണ്.

ഹൂഗ്ലി നദിക്ക് കീഴില്‍ നിര്‍മ്മിച്ച തുരങ്കം കൊല്‍ക്കത്ത മെട്രോയുടെ ഈസ്റ്റ്-വെസ്റ്റ് മെട്രോ ഇടനാഴിയുടെ ഭാഗമാണ്, ഇത് ഹൗറ മൈതാനത്തെ എസ്പ്ലനേഡുമായി ബന്ധിപ്പിക്കുന്നു. ഹൂഗ്ലി നദിക്ക് താഴെയുള്ള 520 മീറ്റര്‍ ദൂരം 45 സെക്കന്‍ഡിനുള്ളില്‍ മെട്രോ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ പദ്ധതി റോഡ് ഗതാഗതക്കുരുക്ക് ഗണ്യമായി ലഘൂകരിക്കുന്നതും പൊതുജനങ്ങള്‍ക്ക് തടസ്സമില്ലാത്തതും കാര്യക്ഷമവും സൗകര്യപ്രദവുമായ യാത്രാ സൗകര്യം പ്രദാനം ചെയ്യുന്നതുമാണ്.

അണ്ടര്‍വാട്ടര്‍ മെട്രോയ്ക്ക് പുറമേ, കവി സുഭാഷ് – ഹേമന്ത മുഖോപാധ്യായ മെട്രോ സെക്ഷന്‍, ജോക്ക-എസ്പ്ലനേഡ് ലൈനിന്റെ ഭാഗമായ തരാതല – മജെര്‍ഹത്ത് മെട്രോ സെക്ഷന്‍ എന്നിവയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.