പ്രധാനമന്ത്രി ഇന്ന് കൊച്ചിയിലെത്തും, രാത്രി റോഡ്ഷോ

കൊച്ചി: രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും. വൈകിട്ട് 6.30ന് നെടുമ്പാശേരിയിലെത്തുന്ന പ്രധാനമന്ത്രി 6.40ന് ഹെലികോപ്റ്ററില്‍ കൊച്ചി നാവികസേനാ വിമാനത്താവളത്തിലെത്തും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മേയര്‍ അഡ്വ. എം അനില്‍കുമാര്‍, ജില്ലാ കലക്ടര്‍ എന്‍ എസ് കെ. ഉമേഷ് തുടങ്ങിയവര്‍ അദ്ദേഹത്തെ സ്വീകരിക്കും.

രാത്രി 7.10ന് എറണാകുളത്ത് മോദി റോഡ്ഷോ നടത്തും. റോഡ് ഷോ എം.ജി റോഡില്‍ കെ.പി.സി.സി ജങ്ഷനില്‍ നിന്ന് ആരംഭിച്ച് ആശുപത്രി റോഡ് വഴി ഗസ്റ്റ് ഹൗസിന് മുന്നില്‍ സമാപിക്കും.
രാത്രി ഗസ്റ്റ് ഹൗസിലാണ് അദ്ദേഹം തങ്ങുക.

ബുധനാഴ്ച രാവിലെ 6.30ന് ഹെലികോപ്റ്ററില്‍ മോദി ഗുരുവായൂരിലേക്ക് പോകും. ക്ഷേത്രദര്‍ശനത്തിന് ശേഷം നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കും. 10.10ന് തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും.

കൊച്ചിയില്‍ തിരിച്ചെത്തിയ ശേഷം അദ്ദേഹം കൊച്ചിന്‍ ഷിപ്പ്യാര്‍ഡിലെ ഡ്രൈ ഡോക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. മറൈന്‍ ഡ്രൈവില്‍ ബി ജെ പി പ്രവര്‍ത്തകരുടെ യോഗത്തില്‍ പങ്കെടുത്ത ശേഷം ഹെലികോപ്റ്ററില്‍ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോകും. തുടര്‍ന്ന് ഡല്‍ഹിയിലേക്ക് മടങ്ങും.

More Stories from this section

family-dental
witywide